പടിയിറങ്ങിപ്പോയ എഡിറ്ററെ തിരിച്ച് വിളിച്ച് മാതൃഭൂമി; മനോജ്.കെ.ദാസ് ചുമതലയേറ്റു

തിരുവനന്തപുരം: രാജിവെച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് പോയ പത്രാധിപരെ ആദ്യമായി തിരിച്ച് വിളിച്ച് മാതൃഭൂമി ദിനപത്രം. ഏഷ്യാനെറ്റ് ഗ്രൂപ്പിൻ്റെ ചുമതലയിലേക്ക് പോയ മനോജ്‌.കെ.ദാസ് ആണ് രണ്ടു വർഷത്തിന് ശേഷം വീണ്ടും തിരിച്ചെത്തി പത്രാധിപരാകുന്നത്. ഡെയ്‌ലി ആന്‍ഡ് ഡിജിറ്റൽ എഡിറ്ററായി അദ്ദേഹം വെള്ളിയാഴ്ച ചുമതലയേറ്റു.

2019 മുതല്‍ 2021 വരെയായിരുന്നു മനോജ് മാതൃഭൂമി പത്രാധിപര്‍ ആയിരുന്നത്. 2021ൽ ഏഷ്യാനെറ്റിലേക്ക് പോയ അദ്ദേഹം ഗ്രൂപ്പ് മാനേജിങ് എഡിറ്റർ ആയി. അതിന് ശേഷം പത്രാധിപ കസേര ഒഴിച്ചിട്ട മാതൃഭൂമി, സീനിയര്‍ എക്‌സ്‌ക്യൂട്ടിവ് എഡിറ്റര്‍ വി. രവീന്ദ്രനാഥിന് ചുമതല നല്‍കുകയായിരുന്നു.

മാതൃഭൂമി പത്രാധിപരായിരുന്ന കെ.കേളപ്പന്‍ രണ്ട് തവണ പത്രാധിപരായിട്ടുണ്ട്. കെ.പി.കേശവമേനോന്‍ ആദ്യം വിട്ട് പോയിട്ട് വീണ്ടും തിരിച്ച് വന്നിട്ടുണ്ട്. കെ.എ. ദാമോദരമേനോനും പത്രാധിപക്കസേരയിലേക്ക് തിരികെ വന്നിട്ടുണ്ട്. പക്ഷെ ഇവരൊന്നും രാജിവെച്ച് മറ്റ് മാധ്യമ സ്ഥാനങ്ങളിലേക്ക് പോയതല്ല. മാതൃഭൂമി വിട്ട് വേറെ കര്‍മ്മമേഖലയിലേക്ക് പോയവരാണ്. ഇവരെയെല്ലാം മാതൃഭൂമി വീണ്ടും ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു.

1994-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് മനോജ്‌.കെ.ദാസ് പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റര്‍, റെസിഡന്റ് എഡിറ്റര്‍ പദവികളും വഹിച്ചു. ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായി. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top