വില്ലേജ് ഓഫീസറുടെ മരണത്തിന് തൊട്ടുമുന്‍പ് എത്തിയ ഫോണ്‍കോള്‍ ദുരൂഹമെന്ന് സഹോദരന്‍; ആത്മഹത്യ ഭരണകക്ഷി സമ്മര്‍ദത്തെ തുടര്‍ന്ന്, ആര്‍ഡിഒ റിപ്പോര്‍ട്ട് കൈമാറി
അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ കെ.മനോജ് ജീവനൊടുക്കിയത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദം കാരണമെന്ന് ആർഡിഒയുടെ റിപ്പോർട്ട്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അടൂര്‍ ആര്‍ഡിഒ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. എന്നാല്‍ ആരുടെ പേരും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണൻ റിപ്പോര്‍ട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. മനോജിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസര്‍മാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 11നാണ് മനോജിനെ പള്ളിക്കല്‍ പഞ്ചായത്തിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ജോലി സ്ഥലത്തെ സമ്മര്‍ദം കാരണമാണ് മനോജ് ആത്മഹത്യ ചെയ്തത്. മരണത്തിന് ദിവസങ്ങള്‍ മുന്‍പ് തന്നെ അസ്വസ്ഥനായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് -മനോജിന്റെ സഹോദരന്‍ കെ.മധു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല എന്നാണ് മനോജിന്റെ ആത്മഹത്യകുറിപ്പില്‍ ഉള്ളത്. ഒപ്പം ഓഫീസില്‍ നല്‍കാനുള്ള പണവും വെച്ചിരുന്നു. ഇതിന് മുന്‍പ് ആറന്മുള വില്ലേജിലാണ് ജോലി ചെയ്തത്. മൂന്ന് മാസം മുന്‍പാണ് കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയി എത്തിയത്. രാവിലെ 8 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത്-” മധു പറയുന്നു.
ആരുടെ ഫോണ്‍ ആണ് മനോജിന്റെ ആത്മഹത്യക്ക് മുന്‍പ് വന്നതെന്ന് ബന്ധുക്കൾക്ക് അറിയില്ല. ഫോണ്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആത്മഹത്യയുടെ കാരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട എസ്പിയ്ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മണ്ണെടുപ്പും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടമ്പനാട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് വന്‍ സമ്മര്‍ദം നേരിടേണ്ടി വരുന്നുവെന്ന് മുന്‍പ് തന്നെ ആരോപണം വന്നിട്ടുണ്ട്. പല വില്ലേജ് ഓഫീസര്‍മാരും സ്ഥലംമാറ്റം വാങ്ങിച്ച് പോകുകയാണ് പതിവ്. ഈ പ്രശ്നം തന്നെയാണ് മനോജിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here