തൊണ്ടിമുതലും മനോരമയും!! ആൻ്റണി രാജുവിൻ്റെ കേസ് രേഖകൾ വാർത്തയാക്കാതെ ഫെയ്സ്ബുക്കിൽ ഇട്ടതെന്ത്? വെളിപ്പെടുത്തൽ ഇതാദ്യമായി
തന്റെ പേരിലുള്ള ക്രിമിനല്‍ കേസ് അട്ടിമറിക്കാന്‍ മന്ത്രി ആന്റണി രാജു നടത്തുന്ന ഒളിച്ചുകളി ഗൗരവമായൊരു ഇന്‍വെസ്റ്റിഗേഷന്‍ സീരീസിന് സാധ്യതയുള്ളതാണ്. കഴിഞ്ഞ കുറച്ചുനാളത്തെ ശ്രമഫലമായി രേഖകളടക്കം പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ നിയമസഭാ സമ്മേളനത്തിനിടെ കൊടുക്കാന്‍ കഴിഞ്ഞാല്‍ മന്ത്രി രാജിവയ്ക്കേണ്ട സ്ഥിതിയുണ്ടായേക്കും. കുറഞ്ഞപക്ഷം മന്ത്രി കോടതിയില്‍ ഹാജരായി വിചാരണ നേരിടേണ്ട സാഹചര്യമെങ്കിലും ഉണ്ടാകും. 28 വര്‍ഷം പഴക്കമുള്ള കേസില്‍ അത് വലിയ ഇംപാക്ട് ആകും.
2022 ജൂലൈ 5ന് ഞാനന്ന് ജോലി ചെയ്തിരുന്ന മനോരമ ന്യൂസിൻ്റെ എഡിറ്റോറിയൽ ചുമതല ഉണ്ടായിരുന്ന, അതായത് വാർത്താ വിഭാഗത്തിൻ്റെ തലപ്പത്ത് ഉണ്ടായിരുന്ന മൂന്നുപേർക്ക് അയച്ച ഇമെയിൽ മെസേജിൻ്റെ തുടക്കം മാത്രമാണിത്. 1990ലെ ലഹരിക്കടത്ത് കേസിൻ്റെ ചുരുക്കം, കേസിലാദ്യം വിദേശിയെ ശിക്ഷിക്കുന്നത്, ഹൈക്കോടതിയിൽ എത്തിയപ്പോൾ പ്രതി രക്ഷപെട്ടത്, അണ്ടർവെയർ വെട്ടിത്തയ്ച്ചതായി കണ്ടെത്തിയത്, അതിൽ ആൻ്റണി രാജുവിൻ്റെ പങ്ക്, ഈ പ്രതി മന്ത്രിയായിരിക്കുമ്പോൾ ഈ വാർത്തയുടെ പ്രസക്തി അങ്ങനെയെല്ലാം വിശദീകരിച്ചിരുന്നു. രണ്ടാഴ്ചയോളം തുടർച്ചയായി ചെയ്യാനുള്ള വാർത്തകൾ, അതായത് ന്യൂസ് സ്റ്റോറികൾ ഓരോന്ന് ഓരോന്നായി തയ്യാറാക്കി ഇതിന് അടുത്തടുത്ത ദിവസങ്ങളിൽ അയക്കുകയും ചെയ്തു.
പതിവില്ലാത്ത വിധമൊരു തണുത്ത പ്രതികരണമാണ് ഇതിനോട് ഉണ്ടായത്. ഏതാണ്ട് ഒന്നരയാഴ്ച കഴിഞ്ഞപ്പോഴാണ് ഒന്നിച്ചിരുന്നൊന്ന് സംസാരിക്കാൻ കൂടി അവസരം ഒത്തത്. വാർത്ത ടെലികാസ്റ്റ് ചെയ്യാൻ കഴിയില്ലെന്നൊന്നും കടുപ്പിച്ച് ആദ്യമേ പറഞ്ഞില്ല. പക്ഷെ രണ്ടു കാര്യങ്ങൾ പറഞ്ഞു. 1.ഇപ്പോൾ സർക്കാരിനെ അത്രയധികം ബുദ്ധിമുട്ടിക്കാൻ പറ്റില്ല. ഈ മാസം ഒടുവിൽ തൃശൂരിൽ നടക്കുന്ന ചാനലിൻ്റെ അഭിമാനപദ്ധതി ‘മനോരമ ന്യൂസ് കോൺക്ലേവ് ‘ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്, പാടുപെട്ടാണ് അത് ഒത്തുകിട്ടിയത്, എന്നാദ്യം പറഞ്ഞു. ഞാനീ സംസാരിക്കുന്നത് 2022 ജൂലൈ രണ്ടാം ആഴ്ചയിലാണ്, ജൂലൈ 30ന് ആയിരുന്നു 2022ലെ മനോരമ ന്യൂസ് കോൺക്ലേവ്. അതുകൊണ്ട് ആ പറഞ്ഞ ബുദ്ധിമുട്ട് എനിക്ക് മനസിലായി. എന്നാൽ രണ്ടാമത് പറഞ്ഞത് കേട്ട് ഞാൻ അമ്പരന്ന് പോയി. ഇതിൽ അത്ര വലിയ വാർത്തയൊന്നുമില്ലെന്ന്. ഇത്രയും പഴയ കേസല്ലേ, മന്ത്രിയായി അയാൾ നടത്തിയ അഴിമതിയൊന്നും അല്ലല്ലോ, അതിനാൽ വലിയ കാര്യമാക്കേണ്ട, എന്ന് എനിക്കൊരു ഉപദേശവും.
വീഡിയോ സ്റ്റോറി കാണാം:
ഇതുപോലെയുള്ള ചർച്ചകൾക്കൊടുവിൽ മുൻപൊക്കെ ഒഴിവാക്കിയിട്ടുള്ള വാർത്തകൾ പോലെ പരിഗണിക്കേണ്ട വിഷയമാണിതെന്ന് എനിക്ക് തോന്നിയില്ല. വാർത്തയുടെ മൂല്യത്തെക്കുറിച്ചും വിഷയത്തിൻ്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ചും എനിക്ക് നല്ല ധാരണയുണ്ട്. പോരാത്തതിന് ഏതാണ്ട് 3-4 മാസത്തോളം ഞാൻ ഇതിനായി നടന്നത് ഉദ്യോഗസ്ഥരും നേതാക്കളും അടക്കം പലരും അറിഞ്ഞിട്ടുണ്ട്. ഇത് പുറത്തു വന്നില്ലെങ്കിൽ അവരെല്ലാം എന്നെ തെറ്റിദ്ധരിക്കും. എന്തിനും പോന്ന ഇതിലെ രണ്ടാം പ്രതി എന്നെ സ്വാധീനിച്ചെന്നോ ഭീഷണിപ്പെടുത്തിയെന്നോ ആർക്കും ന്യായമായി സംശയിക്കാവുന്നതേയുള്ളൂ. ഇതെല്ലാം പരിഗണിച്ച് തന്നെയാണ് എനിക്ക് സ്വാതന്ത്യമുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ എല്ലാം പുറത്തുവിടാൻ തീരുമാനിച്ചത്. അവിടെ ടെലികാസ്റ്റ് ചെയ്യാൻ തയ്യാറാക്കിയ സ്റ്റോറികൾ തന്നെയാണ് അതേപടി എട്ട് ദിവസങ്ങളായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ ചിത്രമാകെ മാറുകയായിരുന്നു. മനോരമ ഒഴികെ ബാക്കിയെല്ലാ ചാനലുകളും വാർത്ത ഏറ്റെടുത്തതോടെ ഒരുതരത്തിൽ പറഞ്ഞാൽ എൻ്റെ റിസ്ക് അൽപം ഒഴിഞ്ഞു. മുഖ്യമന്ത്രിയോട് ഏറ്റവും അടുപ്പത്തിൽ നിൽക്കുന്ന മന്ത്രിസഭയിലെ പ്രമുഖനെതിരെ വാർത്ത പുറത്തുവിടുമ്പോൾ, അതും ഒരു സ്ഥാപനത്തിൻ്റെയും പിൻബലമില്ലാതെ ചെയ്യുമ്പോൾ വലിയ മുൻകരുതൽ വേണ്ടിവന്നു. 400 പേജിലേറെ വരുന്ന രേഖയുടെയെല്ലാം കോപ്പിയെടുത്ത ശേഷം ഒറിജിനൽ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. സർക്കാരിൽ നിന്ന് സമ്മർദം വന്ന് പോലീസ് ഇടപെടൽ ഉണ്ടായാൽ കോടതി വഴി നീതികിട്ടാൻ ആ രേഖകളാണ് വേണ്ടത്. കാരണം മറ്റൊരു കോടതിയിൽ നിന്ന് ഞാൻ നേരിട്ടെടുത്ത സർട്ടിഫൈഡ് കോപ്പികളാണ് അത്. അതായിരുന്നു പ്രധാന ധൈര്യം. വാർത്ത കത്തിക്കയറിയതോടെ അതിനൊന്നും ആരും തുനിഞ്ഞില്ല എന്നാണ് പറഞ്ഞുവന്നത്. അന്ന് വൈകിട്ടോടെ തന്നെ ഈ വാർത്ത കൈകാര്യം ചെയ്യേണ്ടി വന്നപ്പോൾ മറ്റു വഴിയില്ലാതെ മനോരമയും ഈ പറഞ്ഞ രേഖയെല്ലാം എൻ്റെ ഫെയ്സ്ബുക്കിൽ നിന്നെടുത്ത് ഉപയോഗിച്ചത് ഞാൻ വളരെ കൌതുകത്തോടെ കണ്ടു.
ഇതൊക്കെയാണെങ്കിലും രാജി എന്നോടാരും ആവശ്യപ്പെട്ടതല്ല, പക്ഷെ ആ വാർത്തയുണ്ടാക്കിയ ചലനം മനസിലാക്കിയപ്പോൾ ആ സ്ഥാപനത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉചിതമല്ലെന്ന് സ്വയം തിരിച്ചറിഞ്ഞതാണ്. അതേസമയം 12 വർഷമായി ഞാൻ ഉപയോഗിച്ചിരുന്ന മനോരമയുടെ സിയുജി കണക്ഷനിൽപെട്ട എയർടെൽ നമ്പർ കട്ടുചെയ്ത് എനിക്കൊരു സിഗ്നൽ തന്നു ആ സ്ഥാപനം. തൊട്ടുപിന്നാലെ മാനേജ്മെൻ്റിന് ഞാൻ രാജി അയക്കുകയായിരുന്നു. പലരും ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യങ്ങളൊന്നും ഇതുവരെ ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല. എന്നാലിപ്പോൾ ഈ വിഷയം അങ്ങേയറ്റം പൊതുതാൽപര്യം ഉള്ളതാണെന്ന് ഒരു സംശയത്തിനും ഇടനൽകാതെ വ്യക്തമായി പറഞ്ഞിരിക്കുന്നത് സുപ്രീം കോടതിയാണ്. മനോരമ മുതൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിക്കും ഹൈക്കോടതിക്കും പോലും തിരിച്ചറിയാൻ കഴിയാതെ പോയതാണ് അത്. സുപ്രീം കോടതിയുടെ ഈ നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് മൂന്നു പതിറ്റാണ്ടോളം സർവതന്ത്ര സ്വതന്ത്രരായി നടന്ന് നാടിൻ്റെ ഭരണചക്രം തിരിച്ച പ്രതി അടക്കം ഈ ദിവസങ്ങളിൽ പ്രതിക്കൂട്ടിൽ കയറേണ്ടി വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ, ഇതൊക്കെ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെയെപ്പോൾ, എന്നതായിരുന്നു എൻ്റെ മുന്നിലുണ്ടായിരുന്ന ചോദ്യം. അതിനുള്ള മറുപടിയാണ് ഈ വിശദീകരണങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here