ട്രോളുകളെ വെടിവച്ചിട്ട് മനു ഭാക്കർ, ലാക്മെ ഫാഷൻ വീക്കിലെ എയർഗൺ പോസ് വൈറൽ
പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ നേടിയാണ് 22 കാരിയായ മനു ഭാക്കർ രാജ്യത്തിന്റെ അഭിമാന താരമായത്. ഇതിനുശേഷം താരം പങ്കെടുത്ത പൊതുപരിപാടികളിലെല്ലാം മെഡലും കൊണ്ടാണ് പോയത്. ഇതിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾ ഉയർന്നിരുന്നു. ട്രോളുകൾക്ക് സോഷ്യൽ മീഡിയയിലൂടെ താരം ചുട്ട മറുപടിയും കൊടുത്തിരുന്നു.
ട്രോളുകൾക്ക് വീണ്ടും സ്വതസിദ്ധമായ ശൈലിയിൽ മറുപടി കൊടുത്തിരിക്കുകയാണ് മനു. ഇത്തവണ ലാക്മെ ഫാഷൻ വീക്ക് റാംപിൽ എയർ ഗൺ പോസ് ചെയ്താണ് മനു ട്രോളുകളോട് പ്രതികരിച്ചത്. പ്രശസ്ത വസ്ത്ര ബ്രാൻഡായ മാര്‍ക്‌സ് ആന്റ് സ്‌പെന്‍സറിന്റെ ബിഗ് ഓട്ടം എനര്‍ജി അവതരിപ്പിച്ചാണ് മനു റാംപിലെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബോഡി ഫിറ്റഡ് മിഡി ഡ്രസ് ആയിരുന്നു താരത്തിന്റെ വേഷം.
ഫാഷൻ ഷോയിൽ പങ്കെടുത്തതിന്റെ വീഡിയോ മനു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മനുവിന്റെ എയർ ഗൺ പോസിനെ ട്രോൾ ചെയ്താണ് പലരും കമന്റ് ചെയ്തത്. ട്രോളുകൾക്ക് സ്വന്തം പോസ്റ്റിലെ കമന്റിലൂടെ മനു മറുപടിയും കൊടുത്തു. “എന്തും ചെയ്യുന്നതിൽനിന്ന് മാറിനിൽക്കരുത്. വലിയ സ്വപ്നങ്ങൾ കാണുക, കരിയർ തിളക്കമുള്ളതാക്കുക, മാതാപിതാക്കൾക്ക് അഭിമാനമാകുക. വെറുക്കുന്നവർ വെറുക്കും, സ്നേഹിക്കുന്നവർ സ്നേഹിക്കും, നിങ്ങൾ ചെയ്യേണ്ടത് ചെയ്യുക.”
പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീം ഇനത്തിലുമാണ് മനു ഭാക്കര്‍ വെങ്ക മെഡൽ നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here