നേതാക്കള്‍ മൗനത്തില്‍; മനു തോമസ്‌ വിവാദത്തില്‍ ഒറ്റപ്പെട്ട് പി.ജയരാജന്‍; പാര്‍ട്ടിയും പ്രതിരോധത്തില്‍

മുന്‍ സിപിഎം നേതാവ് മനു തോമസ്‌ ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയായെങ്കിലും പി.ജയരാജന് പിന്തുണ ലഭിച്ചില്ല. വിവാദത്തില്‍ ജയരാജന്‍ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ജയരാജനും മകനും എതിരായ ആരോപണങ്ങള്‍ ചര്‍ച്ചയായപ്പോള്‍ മനുതോമസിനെതിരെ ജയരാജന്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. അനവസരത്തില്‍ ജയരാജന്‍ വിവാദമുണ്ടാക്കി എന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

പി.ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമുള്ള മനു തോമസിന്റെ ആരോപണങ്ങളോട് ഇതുവരെ സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. പി.ജയരാജനെ പിന്തുണച്ചിട്ടുമില്ല. കണ്ണൂരുള്ള പ്രശ്നങ്ങളില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ലെന്നാണ് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. കണ്ണൂര്‍ ഉള്ളത് ജില്ലയിലെ ചെറിയ പ്രശ്നമാണെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്. പക്ഷെ പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ച വിവാദമായാണ് കണ്ണൂര്‍ പ്രശ്നങ്ങളെ സിപിഎം നേതൃത്വം നോക്കിക്കാണുന്നത്. പ്രശ്നത്തില്‍ മൗനം തുടരുന്നത് തന്നെ പാര്‍ട്ടി പ്രതിരോധത്തിലാണെന്ന സൂചന നല്‍കുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് പാർട്ടിവിട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പി.ജയരാജന്‍ മനു തോമസിനെതിരെ നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി കമന്റ് ചെയ്തതോടെയാണ് വിവാദം കത്തിയത്.

പാർട്ടിക്കെതിരേ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് വലിയ സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. പക്ഷെ ഇതിനെതിരെയും സിപിഎം നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി വിട്ടവര്‍ക്ക് നേരെ സിപിഎം നടത്തുന്ന ശക്തമായ പ്രതികരണം ഈ വിവാദത്തില്‍ കാണാത്തതാണ് ശ്രദ്ധേയമാകുന്നത്. അതുകൊണ്ട് തന്നെ പ്രശ്നത്തില്‍ പി.ജയരാജന്‍ ഒറ്റപ്പെടുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top