ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയില്‍ കൈകോര്‍ത്ത് ലക്ഷങ്ങള്‍; കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. കേന്ദ്രത്തിന്‍റെ അവഗണനക്കെതിരെയും സംസ്ഥാനത്തോടുള്ള വിവേചനപരമായ നയങ്ങള്‍ക്കെതിരെയുമാണ് മനുഷ്യച്ചങ്ങലയിലൂടെ പ്രതിഷേധമറിയിച്ചത്. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹീം എം.പി കാസര്‍കോട്ട് മനുഷ്യച്ചങ്ങലയുടെ ആദ്യകണ്ണിയായി. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റായ ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് രാജ്ഭവനു സമീപം അവസാന കണ്ണിയായി.

യുവജനങ്ങള്‍ക്കൊപ്പം വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ത്ഥിസംഘടനകള്‍ എന്നിവര്‍ അണിചേര്‍ന്നു. വൈകിട്ട് അഞ്ചു മണിക്ക് കൈകോര്‍ത്ത് പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.

സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് സംസ്ഥാനത്തുടനീളം അണിചേര്‍ന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും മകള്‍ വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവനു മുന്നില്‍ ചങ്ങലയുടെ ഭാഗമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ്‌ ഐസക്, വിജയരാഘവൻ, എം.എ ബേബി എന്നിവരടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top