പോള്‍ പോഗ്ബ, എര്‍ലിങ് ഹാളണ്ട് ഉള്‍പ്പെടെ യൂറോയുടെ നഷ്ടങ്ങള്‍ ഏറെ; തിരിച്ചടിയായത് ടീമിന് യോഗ്യത കിട്ടാത്തതും, പരിക്കും, കോച്ചുമായുള്ള പ്രശ്‌നങ്ങളും

യൂറോ കപ്പിന് കാത്തിരിക്കുമ്പോഴും ജര്‍മ്മനിയിലെ പുല്‍മൈതാനങ്ങളില്‍ ചില മികച്ച കളിക്കാരുടെ മാന്ത്രിക നീക്കങ്ങള്‍ ഉണ്ടാകില്ല എന്നത് വലിയ നഷ്ടമാണ്. വലിയ പേരുകള്‍ നിരവധിയുണ്ടെങ്കിലും യൂറോയുടെ നഷ്ടങ്ങള്‍ നിരവധിയാണ്. ചിലര്‍ക്ക് പരിക്കാണ് വില്ലനായതെങ്കില്‍, ദേശീയ ടീമിന് യോഗ്യത നേടാന്‍ കഴിയാത്തത് മറ്റ് ചിലർക്ക് തിരിച്ചടിയായിട്ടുണ്ട്.

എര്‍ലിങ് ഹാളണ്ട്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീനാണ് എര്‍ലിങ് ഹാളണ്ട്. ഇന്ന് ക്ലബ് ഫുട്‌ബോളിലെ വിലയേറിയ താരം. എന്നാല്‍ തന്റെ രാജ്യമായ നോര്‍വേ യൂറോകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. സ്‌പെയിനിനും സ്‌കോട്ട്‌ലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് യോഗ്യതാ മത്സരം നോര്‍വെ അവസാനിപ്പിച്ചത്. 2000ത്തിലാണ് അവസാനം നോര്‍വെ യൂറോ യോഗ്യത നേടിയത്.

തിബോ കോര്‍ട്വ

ബെല്‍ജിയം ടീമില്‍ സ്ഥാനം പിടിക്കാതെ പോയ താരമാണ് തിബോ കോര്‍ട്വ എന്ന ലോകത്തെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍. ക്ലബ് ഫുട്‌ബോളില്‍ റയല്‍ മാന്‍ഡ്രിഡിന്റെ വിശ്വസ്ത ഗോള്‍ കീപ്പര്‍. ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്

വന്‍താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ സ്ഥാനം ലഭിക്കാതെ പോയ മുന്നേറ്റനിര താരമാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ജൂഡ് ബെല്ലിങ്ഹാമും ബുകായോ സാകെയും ഫില്‍ഫോഡനും കോച്ചിന്റെ വിശ്വാസം നേടിയപ്പോള്‍ ഈ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാറ്റി നിര്‍ത്തപ്പെട്ടു. കഴിഞ്ഞ സീസണില്‍ ക്ലബിലെ മോശം ഫോമും കാരണമായിട്ടുണ്ട്.

പോള്‍ പോഗ്ബ

ഫ്രാന്‍സിന്റെ ഭാവി താരം എന്ന് വിലയിരുത്തപ്പെട്ട പോള്‍ പോഗ്ബയുടെ കരിയര്‍ പോലും ഇപ്പോള്‍ ചോദ്യചിഹ്നമാണ്. വിടാതെ പിന്‍തുടരുന്ന പരിക്കിനൊപ്പം ഉത്തേജക മരുന്ന് ഉപയോഗിച്ച് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നാല് വര്‍ഷത്തെ വിലക്ക് കൂടി നേരിടുകയാണ് ഈ മിഡ്ഫീല്‍ഡര്‍.

പാബ്ലോ ഗവി

സ്‌പെയിനിന്റെ യുവ മുന്നേറ്റനിര താരത്തിന് വില്ലനായത് പരിക്കാണ്. അര്‍ദ്ധ അവസരങ്ങളില്‍ പോലും ഗോള്‍ അടിക്കാന്‍ മികവുള്ള താരം ടീമിലെത്തുമെന്ന് ഉറപ്പിച്ചിരുന്നു.

റീസ് ജെയിംസ്

ചെല്‍സി നായകന് പരിക്കാണ് ഇംഗ്ലണ്ട് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. വലതു വിങ്ങിലെ റീസിന്റെ മികച്ച നീക്കങ്ങളും കൃത്യമായ ക്രോസുകളും ജര്‍മ്മനിയിലെ വലിയ നഷ്ടങ്ങളാകും.

ഹാരി മഗ്വയര്‍

പ്രതിരോധ നിരയിലെ വിശ്വസ്തനായ ഹാരി മഗ്വയര്‍ പരിക്ക് മൂലം യൂറോയ്ക്ക് എത്താത്തത് ഇംഗ്ലണ്ടിനും വലിയ വെല്ലുവിളിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് പരിക്ക് വില്ലനായത്.

ഇംഗ്ലണ്ടിന്റെ ജെയിംസ് മാഡിസന്‍, ജേഡന്‍ സാഞ്ചോ, പോര്‍ച്ചുഗല്‍ താരം റാഫേല്‍ ഗ്വരേരിയോ, ജര്‍മന്‍ താരം സെര്‍ജി നാബ്രി, സ്പാനിഷ് താരം പൗ കുബാര്‍ഡി തുടങ്ങി അഭാവം കൊണ്ട് യൂറോ ആരാധകർക്ക് നഷ്ടബോധം സമ്മാനിക്കുന്നവരുടെ പട്ടിക നീണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top