ഏറ്റുമുട്ടൽ കൊലകളിൽ യു പി മുന്നിൽ; സാഹചര്യങ്ങൾക്കനുസരിച്ചാണ് വെടിവയ്‌പ്പെന്ന് സെൻകുമാർ
തിരുവനന്തപുരം: ഏറ്റുമുട്ടൽ കൊലകളുടെ ശരി തെറ്റുകൾ സംബന്ധിച്ച് പോലീസും കോടതിയും തമ്മിൽ കാലങ്ങളായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടാനേതാക്കൾ കൊല്ലപ്പെട്ടത്. പുഴൽ സ്വദേശികളായ സതീഷ്, മുത്തുശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരച്ചിലിനിടയിൽ പോലീസിനിനുനേരെ ഇവർ വെടിയുതിർത്തെന്നാണ് പോലീസിന്റെ വിശദീകരണം. നിയമവ്യവസ്ഥക്ക് പുറത്താണ് ഇത്തരം കൊലകളെന്നാണ് കോടതിയുടെ പക്ഷം. സ്വയരക്ഷയ്ക്കുള്ള അവകാശം എല്ലാ പൗരനുമുണ്ടെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ഇവയിൽ പലതും വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണം പലപ്പോഴും ശക്തമാണ്.
നിരായുധരോ കീഴടങ്ങിയതോ ആയവരുടെ നേരെ വെടിയുതിർക്കരുതെന്ന് നിയമ വ്യവസ്ഥയുണ്ട്. അഥവാ ഏറ്റുമുട്ടലിൽ കുറ്റവാളികൾ കൊല്ലപ്പെട്ടാൽ അവർ ആദ്യം വെടിയുതിർത്തതാണെന്ന് തെളിയിക്കാൻ പോലീസിനോ സേനയ്‌ക്കോ കഴിയണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇരുപത് വർഷത്തിനിടെ രാജ്യത്തൊട്ടാകെ ഏറ്റുമുട്ടൽ കൊലകൾക്കെതിരെ 3005 പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറ്റവാളികളെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തി ശിക്ഷ വിധിക്കണമെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥ എന്നാൽ ഏറ്റുമുട്ടൽ കൊല ഇതിനു വിരുദ്ധമാണ്. ഏറ്റുമുട്ടൽ നടക്കുമ്പോൾ എതിരാളികളെ അനുനയിപ്പിച്ച് നിരായുധരാക്കി കീഴടക്കാനുള്ള സാഹചര്യം പലപോഴും ഉണ്ടാകില്ലെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി.സെൻകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പരസ്പരം വെടിവെയ്പ്പ് നടക്കുമ്പോൾ സ്വയരക്ഷാർത്ഥം പോലീസിന് എതിരാളികളെ വെടിവയ്‌ക്കേണ്ടി വരും. അതിന് സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും വ്യക്തമായ മാനദണ്ഡങ്ങളും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടൽ സാഹചര്യമില്ലാത്ത അവസ്ഥയിൽ പോലീസ് ആദ്യം വെടിയുർത്താൽ മാത്രമാണ് അത് നീതിന്യായ വ്യവസ്ഥയ്ക്ക് എതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലകൾ നടക്കുന്നത് ഉത്തർപ്രദേശിലാണെന്ന് കണക്കുകൾ വ്യതമാക്കുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതിൽ 60 ശതമാനം വർധനയുണ്ടായി. കൊല്ലപ്പെടുന്നതിൽ പലരും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണ്. ഈ വർഷം ഏപ്രിലിൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദ് മരിച്ചത് വ്യാജ ഏറ്റുമുട്ടലിൽ ആണെന്ന് പരാതിയുണ്ടായിരുന്നു. വയനാട്ടിലെ സായുധ കലാപം നടത്തിയ നക്സൽ വർഗീസിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് മുൻ പോലീസ് കോൺസ്റ്റബിൾ പി രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ തന്നെ ആദ്യ വ്യാജ ഏറ്റുമുട്ടലുകളിൽ ഒന്നാണിത്. 1970 ഫെബ്രുവരി 18നാണ് കൊല നടന്നത്. അന്ന് ഡി വൈ എസ് പിയായിരുന്ന കെ.ലക്ഷ്മണയാണ് വർഗീസിനെ വെടിവെക്കാൻ ഉത്തരവ് നൽകിയതെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മണ കേസിൽ ശിക്ഷയും അനുഭവിച്ചു. സംഭവം നടന്ന് 51 വർഷങ്ങൾക്ക് ശേഷം 2021 ൽ എൽഡിഎഫ് സർക്കാർ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.
2016 മുതൽ ഇങ്ങോട്ട് 2020 വരെ എട്ട് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പലതും ഉൾവനത്തിൽ ആയിരുന്നതിനാൽ പോലീസിന്റെ വാദം എതിർക്കാൻ തെളിവുകൾ ഇല്ലായിരുന്നു. 2016ൽ നിലമ്പൂരിലെ കരുളായിയിൽ കൊല്ലപ്പെട്ട അജിതയും കുപ്പുദേവരാജയും രോഗാവസ്ഥയിൽ കിടക്കുകയായിരുന്നെന്നും വ്യാജ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തിയതാണെന്നും സിപിഎം ഘടക കക്ഷിയായ സിപിഐ തന്നെ ആരോപിച്ചിരുന്നു.
തെലങ്കാനയിൽ 2019 ൽ 26 വയസുള്ള മൃഗഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നെന്ന് പരാതിയുണ്ട്. എന്നിരുന്നാലും ഇത്തരം നീചമായ കുറ്റകൃത്യം ചെയ്ത പ്രതികളെ കൊലപ്പെടുത്തുന്നതിൽ പൊതുജനങ്ങൾക്കിടയിൽ നിന്ന് പോലീസിന് അനുകൂലമായ പ്രതികരണങ്ങൾ പലപ്പോഴും വരാറുണ്ട്. വ്യാജ ഏറ്റുമുട്ടൽ സർക്കാർ സഹായത്തോടെയുള്ള ഭീകരവാദമാണെന്ന് 2014ൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. വേൾഡ് ജസ്റ്റിസ് പ്രോജക്റ്റ് സൂചിക പ്രകാരം 2002 ൽ ഓർഡർ ആൻഡ് സെക്യൂരിറ്റി വിഭാഗത്തിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. 128 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നിയമവിരുദ്ധമായ കൊലപാതകങ്ങൾ വലിയ പ്രശ്നമാണെന്നും, ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ലഭിക്കാത്തത് ഭരണ നിർവഹണത്തിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയുന്ന ഒന്നാണെന്നും ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here