മാവോയിസ്റ്റ് നേതാവ് ആലപ്പുഴയില്‍ പിടിയിൽ; എടിഎസ് അറസ്റ്റുചെയ്തത് കബനിദളത്തിലെ പ്രധാനി

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെയാണ് തീവ്രവാദവിരുദ്ധസേന അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അറസ്റ്റ്. മാവോയിസ്റ്റ് കബനിദളത്തിലെ അവശേഷിക്കുന്ന പ്രധാനകണ്ണിയാണ് പിടിയിലായിരിക്കുന്നതെന്ന് എടിഎസ് (ആൻ്റി ടെററിസ്റ്റ് സ്ക്വാഡ്) അറിയിച്ചു. മൊയ്തീന്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ എടിഎസ് സംഘം എത്തുന്നതിന് മുമ്പ് കടന്നുകളഞ്ഞു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തും വ്യാപക പരിശോധന നടക്കുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് നടന്നത്.

അടുത്ത ദിവസങ്ങളിലായി കബനിദളത്തിലെ മൂന്ന് മാവോവാദികള്‍ എടിഎസിന്റെ വലയിലായിരുന്നു. ജൂലായ് 27ന് ഷൊര്‍ണൂരില്‍ നിന്ന് സോമനും 18ന് കൊച്ചിയില്‍നിന്ന് മനോജുമാണ് നേരത്തെ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന സന്തോഷ് കോയമ്പത്തൂരിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ കബനിദളത്തില്‍ മൊയ്തീന്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായി തിരിഞ്ഞായിരുന്നു മാവോവാദികളുടെ പ്രവര്‍ത്തനം. തീവ്രവാദവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലുകളില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ ഇവയില്‍ പലതിന്റേയും പ്രവര്‍ത്തനം നിലച്ചു. കബനീദളം സിപി മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍മാത്രമായി ചുരുങ്ങുകയും ചെയ്തു. മൊയ്തീന്റെ അറസ്റ്റോടെ കബനീദളത്തിന്റെ പ്രവര്‍ത്തനവും അവസാനിക്കുമെന്നാണ് എടിഎസിന്റെ കണക്കുകൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top