നവകേരള സദസിന് ഭീഷണിയുമായി വീണ്ടും മാവോയിസ്റ്റുകൾ; കത്തിന്‍റെ ഉള്ളടക്കം പുറത്താകരുതെന്ന് പോലീസിന് നിര്‍ദേശം
കോഴിക്കോട്: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിന് വീണ്ടും മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹില്‍കുമാര്‍ സിംഗിനാണ് റെഡ് ഫ്‌ളാഗ് വയനാട് ദളം എന്ന പേരില്‍ ഭീഷണിക്കത്ത് ലഭിച്ചത്.
നക്സലുകളെ കൊന്നൊടുക്കുന്ന പിണറായി സർക്കാരിന് നവകേരള സദസിൽ ശക്തമായ മറുപടി നൽകാൻ ആഹ്വാനം ചെയ്യുന്നതാണ് കത്ത്. നവംബർ 14-നും സമാനമായ ഒരു കത്ത് കോഴിക്കോട് ജില്ലാ കളക്ടർക്ക് ലഭിച്ചിരുന്നു. കത്തിൻ്റെ ഉറവിടം സംബന്ധിച്ച് നടക്കാവ് പോലീസിൻ്റെ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ ഭീഷണി ലഭിച്ചത്. ‘വയനാട്ടിലും കണ്ണൂരിലും ഉണ്ടായപോലെ മാവോവാദികള്‍ക്കുനേരെ അതിക്രമമുണ്ടായാല്‍ കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോടും പൊട്ടിക്കു’മെന്നായിരുന്നു ആദ്യ കത്തിൻ്റെ ഉള്ളടക്കം.
പുതിയ കത്തിന്‍റെ ഉള്ളടക്കം പുറത്താകരുതെന്ന് പോലീസിന് കളക്ടര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാമതെത്തിയ കത്ത് കളകടർ നടക്കാവ് പോലീസിന് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഉത്തരമേഖല ഐജി, സിറ്റി പോലീസ് കമ്മിഷണര്‍, ഡിസിപി എന്നിവര്‍ക്കുമാത്രമേ വിവരം നല്‍കിയിട്ടുള്ളൂ.
നവംബര്‍ 24 മുതല്‍ 26 വരെയാണ് ജില്ലയില്‍ നവകേരളസദസ് നടക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളുടേയും മാവോയിസ്റ്റ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ പരിപാടിക്ക് കർശന സുരക്ഷ ഒരുക്കാന്‍ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇന്നലെ വയനാട് ജില്ലാ കളക്ടർക്കും നവകേരള സദസ് തടയും എന്ന ഉള്ളടക്കമുള്ള രണ്ട് ഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here