ചോദ്യം ചെയ്യലില്‍ മൗനം പാലിച്ച് മാവോയിസ്റ്റുകള്‍; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കല്‍പ്പറ്റ: പേര്യയില്‍ നിന്നും പിടിയിലായ മാവോയിസ്റ്റുകളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ചന്ദ്രുവും ഉണ്ണിമായയുമാണ് കസ്റ്റഡിയില്‍ തുടരുന്നത്. ഇന്ന് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.
കേരള പോലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. മൗനമാണ് മറുപടി. ഉണ്ണിമായയും ചന്ദ്രുവും ചില മുതിർന്ന മാവോയിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ചവരാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുരുളഴിക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ചപ്പാരത്ത് എത്തിച്ച് തെളിവെടുപ്പും നടത്തിയിട്ടില്ല.
ഏറ്റുമുട്ടല്‍ നടന്ന ചപ്പാരത്തെ അനീഷിന്‍റെ വീടിപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കൊയിലാണ്ടിയില്‍ വച്ച് പിടിയിലായ മാവോയിസ്റ്റ് സന്ദേശവാഹകന്‍ തമ്പിയെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇയാളിൽ നിന്നും ലഭിച്ചില്ലെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പേരിയ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട മൂന്നു പേരെ പിടി കൂടാൻ കഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ വന മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here