മാവോയിസ്റ്റുകളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം; ത്വരിത നീക്കവുമായി വയനാട് പോലീസ്

വയനാട്: മാവോയിസ്റ്റുകളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി വയനാട് ജില്ല പോലീസ്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യപിച്ചിട്ടുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്ന മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
നോട്ടീസിലെ ചിത്രത്തിലുള്ളവര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ആയതിനാല്‍ ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് പോലീസ് നോട്ടീസില്‍ പറയുന്നു. അതിനാല്‍ ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുമെന്നും പോലീസ് വ്യക്തമാക്കുന്നു.

അതോടൊപ്പം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കീഴടങ്ങാനുള്ള അവസരവും പ്രഖ്യാപിച്ചു. വഴിതെറ്റിപ്പോയ യുവാക്കളേയും മറ്റു പ്രവര്‍ത്തകരേയും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് 35,000 രൂപ വരെ പാരിതോഷികം, കേരള സര്‍ക്കാറിന്‍റെ ഭവന നയം പ്രകാരം വീട് അനുവദിക്കല്‍ എന്നിങ്ങനെയാണ് പദ്ധതിയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ജില്ല പോലീസ് മേധാവിയുടെ ആസ്ഥാനത്ത് ചേര്‍ന്ന പോലീസുദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. വയനാട് കമ്പമലയില്‍ നിരന്തരമായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നാട്ടുകാരുടെ ജീവനു ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത് പുറത്തുവിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here