വി.ഡി.സതീശൻ മാരാമൺ കൺവെൻഷനിൽ പ്രാസംഗികൻ; നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനാവുമോ?

ക്രൈസ്തവ വേദികളിൽ സുവിശേഷ പ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധേയനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെബ്രുവരിയിൽ നടക്കുന്ന മാരാമൺ കൺവെൻഷനിലെ യുവജന സമ്മേളനത്തിൽ പ്രസംഗിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൺവെൻഷൻ എന്ന് ഖ്യാതിയുള്ള മാരാമണ്ണിൽ ഫെബ്രുവരി 15ന് നടക്കുന്ന യുവവേദിയിലാണ് സതീശൻ പ്രസംഗിക്കുന്നത്.

ഫെബ്രുവരി 9ന് തുടങ്ങി 16ന് കൺവെൻഷൻ സമാപിക്കും. 130-ാംമത്തെ വർഷത്തെ കൺവെൻഷനാണ് നടക്കാനിരിക്കുന്നത്. എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായ സി.വി.കുഞ്ഞിരാമൻ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ , ഡോ. ശശി തരൂർ എന്നിവരാണ് മുമ്പ് മാരാമൺ കൺവെൻഷനിൽ പ്രസംഗിച്ചിട്ടുള്ള അക്രൈസ്തവ നേതാക്കൾ.

ന്യൂനപക്ഷ സമുദായങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവ സഭകളുടെ ആധ്യാത്മിക-സാമൂഹ്യ പരിപാടികളിൽ പ്രതിപക്ഷ നേതാവ് നിരന്തരം പങ്കെടുക്കുന്നതിലൂടെ അദ്ദേഹത്തിന് വിശ്വാസികൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. സതീശന്റെ മിക്ക പ്രസംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

മുസ്ലീം – ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് അകന്നുപോയി എന്ന് വിമർശനങ്ങൾ ഉയർന്ന ഘട്ടത്തിലാണ് സതീശന് സഭകളുടെ ആധ്യാത്മിക പരിപാടികളിൽ ഇത്രമേൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ബൈബിളിനെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചുമുള്ള അഗാധമായ അറിവും ധാരണകളുമാണ് പ്രസംഗങ്ങളിൽ തെളിഞ്ഞു നിൽക്കുന്നത്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ എല്ലാ അവകാശങ്ങളും തട്ടിയെടുക്കുന്നു എന്ന് 2003ൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം നിമിത്തം സഭാ നേതൃത്വങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുപോയിരുന്നു. സതീശന് ക്രിസ്ത്യൻ വേദികളിൽ ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയിലൂടെ ന്യൂനപക്ഷ സമുദായങ്ങ ളുമായി നഷ്ടപ്പെട്ടുപോയ അടുപ്പം വിളക്കി ചേർക്കാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ സതീശന് ക്രിസ്ത്യൻ സഭാ വേദികളിൽ ലഭിക്കുന്ന സ്വീകാര്യതയിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയ നേതാക്കൾ പ്രതിപക്ഷ നേതാവിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സതീശന് സഭാ നേതൃത്വങ്ങളിൽ നിന്ന് ലഭിക്കുന്ന അംഗീകാരം ചെറിയ സംഭവമല്ലെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടി, പി.ജെ.കുര്യൻ, കെ.വി.തോമസ് തുടങ്ങിയ നേതാക്കളായിരുന്നു പാർട്ടിയും സഭകളുമായുള്ള പാലങ്ങളായി പ്രവർത്തിച്ചിരുന്നത്. അവരുടെ വിടവ് സതീശനിലൂടെ പരിഹരിക്കാൻ കഴിഞ്ഞതിൽ എഐസിസിയും സംസ്ഥാന നേതൃത്വവും സംതൃപ്തരാണ്.

സീറോ മലബാർ സഭയുടെ കേരളത്തിലെ ഏറ്റവും വലിയതും പുരാതനവുമായ ചങ്ങനാശ്ശേരി അതിരൂപതയുടെ രണ്ട് പ്രധാന ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ രണ്ട് തവണ മുഖ്യാതിഥിയായി സതീശനെ പങ്കെടുപ്പിച്ചത് അസാധാരണമെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെയും കർദ്ദിനാൾ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മാർ ജോർജ് ജേക്കബ് കൂവക്കാടിന്റിയും അനുമോദന ചടങ്ങുകളിലാണ് മുഖ്യാതിഥിയായി അദ്ദേഹത്തെ പങ്കെടുപ്പിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലത്തീൻ സഭയുടെ യോഗത്തിലും കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗത്തിന്‍റെ പരിപാടിയിലും മുഖ്യാതിഥി പ്രതിപക്ഷ നേതാവായിരുന്നു. ലത്തീൻ സഭയിലെ ബിഷപ്പുമാരുമായുള്ള സതീശന്‍റെ അടുപ്പം മുനമ്പം ഭൂമി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വിഴിഞ്ഞം സമരകാലത്തും കെപിസിസി നേതൃത്വത്തെ കൊണ്ട് ലത്തീൻ സഭയ്ക്ക് അനുകൂലമായി നിലപാട് എടുപ്പിക്കുന്നതിൽ നിർണായക റോളാണ് സതീശൻ വഹിച്ചത്. ശശി തരൂരിന്‍റെ വിജയത്തിന് സഭയുടെ നിർലോഭമായ പിന്തുണയും ലഭിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഈ വർഷം മാത്രം സതീശൻ 50 ലധികം ക്രിസ്ത്യൻ യോഗങ്ങളിൽ പങ്കെടുത്തു. അതുപോലെ. മുസ്ലീം ലീഗിന്‍റെയും വിവിധ മുസ്ലീം സംഘടനകളുടേയും നിരവധി പരിപാടികളിൽ സതീശനെ പങ്കെടുപ്പിക്കുന്നുണ്ട്. തൊട്ടുമുമ്പ് പ്രതിപക്ഷ നേതാക്കളായിരുന്ന രമേശ് ചെന്നിത്തലക്കോ ഉമ്മൻ ചാണ്ടിക്കോ ന്യൂനപക്ഷങ്ങളിൽ നിന്ന് ലഭിക്കാതിരുന്ന അംഗീകാരം വി.ഡി.സതീശന് ലഭിക്കുന്നതിൽ എഐസിസി നേതൃത്വം സംതൃപ്തരാണ്. സംസ്ഥാന ചുമതലയുള്ള എഐസിസി നേതാക്കൾ ന്യൂനപക്ഷങ്ങളുമായി പ്രതിപക്ഷനേതാവ് അടുപ്പമുണ്ടാക്കുന്ന വിവരം രാഹുൽ ഗാന്ധിയുടേയും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയേയും ധരിപ്പിച്ചിട്ടുണ്ട്

ബിജെപിയെ നേർക്കുനേർ എതിർക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മടിച്ചു നിന്ന സംസ്കാരം സതീശൻ നേതൃത്വത്തിൽ വന്നതോടെ പൂർണമായും തിരുത്തി എഴുതി. സിപിഎം-ബിജെപി ബന്ധത്തിന്‍റെ അന്തർധാരകൾ നിരന്തരം തുറന്ന് കാട്ടാൻ സതീശൻ ധൈര്യം കാണിച്ചിട്ടുണ്ട്. എഡിജിപി അജിത് കുമാറും സംഘപരിവാർ നേതാക്കളുമായുള്ള കൂടിക്കാഴ്ച, വടക്കേ ഇന്ത്യയിലെ ക്രിസ്ത്യൻ വേട്ട ഇതേക്കുറിച്ചെല്ലാം ആർജ്ജവത്തോടെ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ആർഎസ്എസ് നേതാവ് ഗോൾവാൽക്കറിനെതിരെ സംസാരിച്ചു എന്നതിന്‍റെ പേരിൽ കണ്ണൂർ കോടതിയിൽ ആർഎസ്എസിന്‍റെ നേതാക്കൾ സതീശനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനെതിരെയും ആർഎസ്എസ് കേസ് കൊടുത്തിട്ടില്ല. കോൺഗ്രസ് നേതാവെന്ന നിലയിൽ സതീശൻ ഇതര സമുദായങ്ങളുമായി മെനഞ്ഞ സൗഹൃദാന്ത രീക്ഷം പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് സഹായകരമാകുമെന്നാണ് മുന്നണി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

2021ലെ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് കരകയറുകയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും. ക്രൈസ്തവ–മുസ്ലീം വിഭാഗങ്ങൾ ഒരേ പോലെ കോൺഗ്രസിനെ കൈവിട്ട തിരഞ്ഞെടുപ്പായിരുന്നു 2021ലേത്.

രണ്ട് ന്യൂനപക്ഷ സമുദായങ്ങളുടേയും കൈപിടിച്ചാണ് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയത്. ഒപ്പം കോൺഗ്രസ് മുക്ത ഭാരതം ഉറപ്പാക്കാൻ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് ഒഴുകിയതും തിരിച്ചടി ആയി. പിണറായിക്ക് എതിരാളി ആയി തലപ്പത്ത് വിശ്വാസ്യത ഉള്ള നേതാവ് ഇല്ലാതെ പോയതും കോൺഗ്രസ് തോൽവിയുടെ ആഴം വർദ്ധിപ്പിച്ചു. തോൽവിയുടെ ആഘാതത്തിൽ പകച്ച അണികളെ ഉത്തേജിപ്പിക്കാനുള്ള ചുമതല വി.ഡി.സതീശനേയും കെ.സുധാകരനേയുമാണ് ഹൈക്കമാന്റ് ഏൽപ്പിച്ചത്. നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കുന്നതോടൊപ്പം വിവിധ സമുദായങ്ങളുടെ വിശ്വാസം ആർജ്ജിക്കാനുള്ള ചുമതലയും ഇവർക്കുണ്ടായിരുന്നു. ന്യൂനപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള സോഷ്യൽ എഞ്ചിനീയറിംഗിനാണ് കോൺഗ്രസ് മുൻതൂക്കം നല്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top