ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിക്കുന്നു; മാരി സെല്‍വരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; സ്‌പോര്‍ട്‌സ് ഡ്രാമ നിര്‍മിക്കുന്നത് പാ.രഞ്ജിത്

ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മാമന്നന്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളില്‍ എത്തുന്നു. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രം നിര്‍മിച്ച, സംവിധായകന്‍ പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.

ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിരിക്കും. ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരണം നടക്കും. തമിഴ്നാട്ടിലെ ഉള്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

“ആരും വിചാരിക്കാത്തത് നേടാനും തോക്കിന് പകരം കായികമേഖലയും അക്രമത്തിന്മേല്‍ സമാധാനവും മരണത്തിന് പകരം ജീവിതവും തിരഞ്ഞെടുക്കാന്‍ തന്റെ വിധിയെ വെല്ലുവിളിച്ച ഒരു മനുഷ്യന്റെ കഥ,” എന്നാണ് ചിത്രത്തെക്കുറിച്ച് അണിയപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ആദിത്യ വര്‍മ്മ, മഹാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മാര്‍ച്ച് 15-ന് ചിത്രീകരണം ആരംഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top