വൈവാഹിക ബലാൽസംഗക്കേസിൽ ചീഫ് ജസ്റ്റിസിന് വിധി പറയാനാകില്ല; നിര്‍ണായക നീക്കവുമായി സുപ്രീം കോടതി
വൈവാഹിക ബലാത്സംഗക്കേസുകളിൽ ഭർത്താക്കന്മാർക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ചോദ്യം ചെയ്യുന്ന ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇനി കേൾക്കില്ല. നവംബർ 10ന് ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെയാണ് തീരുമാനം. ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിച്ചിരുന്നത്. വിരമിക്കൽ ദിവസത്തിന് മുമ്പ് ഹർജികളിൽ വിധി പറയാനാകില്ല എന്നതിനാലാണ് തീരുമാനം.
കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാലാഴ്ചത്തേക്ക് മാറ്റി. അതിന് ശേഷം പുതിയ ബെഞ്ചായിരിക്കും കേസ് കേൾക്കുക. ഇന്ത്യൻ പീനൽ കോഡിന് (ഐപിസി ) പകരം പുതുതായി നടപ്പിലാക്കിയ ഭാരതീയ ന്യായ സംഹിതയിൽ ഭർത്താക്കൻമാർക്ക് നൽകിയ ഇളവുകൾക്കെതിരെയാണ് ഹർജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ സമയമെടുക്കുമെന്ന് വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയെ ഇന്ന് അറിയിച്ചു. തുടർന്നാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റാൻ തീരുമാനിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണൻ, രാകേഷ് ദ്വിവേദി, മനീന്ദർ സിംഗ്, അരവിന്ദ് ദാതാർ, ഇന്ദിര ജെയ്‌സിംഗ് എന്നിവരാണ് കോടതിയിൽ ഹാജരായി നിലപാട് അറിയിച്ചത്.
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ട കാര്യമില്ലെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാറിൻ്റെ നിലപാട്. അക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വൈവാഹിക ബലാത്സംഗം സമൂഹത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന വിഷയമാണ്. അതിനാൽ അത് നിയമപരമായ പ്രശ്‌നത്തേക്കാൾ സാമൂഹിക പ്രശ്‌നമാണെന്നാണ് സർക്കാർ പറയുന്നത്. ഈ വർഷം ഒക്ടോബർ 17 മുതലായിരുന്നു കേസിൻ്റെ വാദം ആരംഭിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here