ഭിക്ഷക്ക് ഇറക്കിയത് കോണ്‍ഗ്രസുകാരല്ലെന്ന് മറിയക്കുട്ടി; സിപിഎമ്മിനെ ജനത്തിന് മടുത്തു

തൊടുപുഴ: കോണ്‍ഗ്രസിന്റെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നി പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും വി.ഡി.സതീശനും നയിക്കുന്ന ഈ യാത്ര ഇന്ന് തൊടുപുഴയിലായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട ജനകീയ ചർച്ചാ സദസില്‍ എത്തിയവരില്‍ ഒരാള്‍ മറിയക്കുട്ടിയായിരുന്നു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയപ്പോള്‍ ചട്ടിയുമായി ഭിക്ഷ തെണ്ടി വാര്‍ത്തകളില്‍ നിറയുകയും ചെയ്ത അതേ മറിയക്കുട്ടി തന്നെ. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തനിക്ക് നേരെ ഉയര്‍ന്ന വെല്ലുവിളികള്‍ക്കുമെല്ലാം അവര്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്നില്‍ മറുപടി പറഞ്ഞു.

ചട്ടിയുമായി ഇറങ്ങിയതിനെക്കുറിച്ചുള്ള വിശദീകരണം:

“ഞാന്‍ ചട്ടിയെടുത്ത് ഇറങ്ങിയതിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നത്. എന്റെ പിറകില്‍ ആരോ ഉണ്ടെന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ ഞാന്‍ നോക്കിയപ്പോള്‍ എന്റെ പിറകില്‍ ഒരു കോണ്‍ഗ്രസുകാരനേയും കണ്ടില്ല. വണ്ടികള്‍ക്ക് ഒരു തടസവും സൃഷ്ടിക്കാതെയാണ് റോഡരുകിലൂടെ നടന്നത്. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ലെന്നാണ് കടകളില്‍ പറഞ്ഞത്. പെന്‍ഷന്‍ ലഭിക്കുന്നില്ല. ജീവിക്കാന്‍ നിവൃത്തിയില്ല. മരുന്നും വാങ്ങണം എന്ന് പറഞ്ഞാണ് ഞാന്‍ ഇറങ്ങിയത്.”

“ഭിക്ഷയ്ക്കിടയില്‍ സിപിഎമ്മുകാര്‍ മാത്രമാണ് എനിക്ക് തടസമുണ്ടാക്കിയത്. ബിജെപിയുണ്ടായിരുന്നു. ആര്‍എസ്എസുണ്ടായിരുന്നു. അവരൊന്നും ഒരു തടസവും ഉണ്ടാക്കിയില്ല. കോണ്‍ഗ്രസുകാര്‍ എന്റെ പിറകിലുണ്ടെന്ന് സിപിഎം അപ്പോഴും പറഞ്ഞു. ഒന്നര ദിവസം ഞാന്‍ പിരിവ് നടത്തി. സിപിഎമ്മിന്റെ ഈ കൊള്ളയും ആഭാസവും സഹിച്ച് മടുത്തതാണ്. പെന്‍ഷന്‍ മാത്രം പോരാ. ഞങ്ങള്‍ക്ക് ജീവനുംകൂടി വേണം. എന്റെ ചെറുപ്പത്തില്‍ മറയില്ലാത്ത വീട്ടില്‍ കിടന്നതാണ്. ഒരു കുഴപ്പവുമില്ലായിരുന്നു. ഞാന്‍ നേരിട്ട് ഇന്ദിരാഗാന്ധിയെ കണ്ടിട്ടുണ്ട്. നെഹ്റുവിനെ കണ്ടിട്ടുണ്ട്. മഹാത്മാഗാന്ധിയും നെഹ്‌റുവും ഇന്ദിരയും ജനങ്ങളെ നല്ലവണ്ണം പോറ്റിയ ആളുകളാണ്.”

“എനിക്ക് ഒന്നരയേക്കര്‍ സ്ഥലം, എന്റെ മകള്‍ വിദേശത്ത്, ഒന്നരക്കോടി രൂപ നീക്കിയിരുപ്പ് എന്നാണ് സിപിഎം പറഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് ആകെ വിഷമമായി. ഉടനെ തന്നെ ഞാന്‍ വില്ലേജില്‍ പോയി നോക്കി. ഇതൊന്നും എനിക്കില്ലെന്ന് ഉറപ്പുണ്ട്. വില്ലേജില്‍ അപേക്ഷ നല്‍കി. ഭൂമിയുണ്ടെങ്കില്‍ ഉണ്ടെന്ന് പറയണം. ഇല്ലെങ്കില്‍ ഇല്ലെന്നു പറയണം. എനിക്ക് ഭൂമി ഇല്ലെന്നു പറഞ്ഞ് വില്ലേജില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കി. ഞാന്‍ അത് കോടതിയില്‍ ഹാജരാക്കി. എന്നെ പോലീസ് പിടിക്കും എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ എന്നെയല്ല, റിയാസിനെയും വീണയേയുമാണ്‌ പിടിക്കേണ്ടത്. ഞാനല്ലല്ലോ തെറ്റ് ചെയ്തത്.”

“എനിക്ക് വിദ്യാഭ്യാസമൊന്നുമില്ല. മാനംമര്യാദയായി ജീവിക്കുന്നവരാണ്. ഈ ഗുണ്ടകള്‍ ഞങ്ങളുടെ പിറകെ വരുന്നത് എന്തിനാണ്? ഞാന്‍ ഈ ഗുണ്ടകളെ പേടിച്ച് എല്ലാ പാര്‍ട്ടിയിലും പോയി. ഞാന്‍ പറയും ഈ കാണിക്കുന്ന വൃത്തികേട് മുഴുവന്‍. എനിക്ക് വീട് അനുവദിച്ചതാണ് ഗ്രാമസഭയില്‍. ആ അനുവദിച്ചത് എല്ലാം പാസായിക്കഴിഞ്ഞാണ് കോണ്‍ഗ്രസിന്റെ ഭരണം വരുന്നത്. പഞ്ചായത്തില്‍ ആറുമാസം നടന്നു. ബ്ലോക്കിലും നടന്നു. അന്നെന്റെ വീട് ചാക്ക് ഷീറ്റായിരുന്നു.”

ആരെങ്കിലും ചേടത്തിയെ ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന വി.ഡി.സതീശന്റെ ചോദ്യത്തിന് ഇതായിരുന്നു മറുപടി. “ഭീഷണിയുണ്ട്. എല്ലാവരും പറയുന്നത് വളരെ സൂക്ഷിച്ചോളണമെന്ന്. എനിക്ക് സൂക്ഷിക്കേണ്ട കാര്യമില്ല. എനിക്ക് പത്തനംതിട്ടയില്‍ ഒരേക്കര്‍ സ്ഥലമുണ്ടെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അത് തന്നാല്‍ സന്തോഷം. എനിക്ക് ഏതാണ്ടൊക്കെ എത്തിക്കാമെന്ന് പറഞ്ഞു. ഞാന്‍ കാത്തിരുന്ന് ഒരാഴ്ച. അത് കഴിഞ്ഞിട്ടാണ് ചുഴലിക്കാറ്റുണ്ടായത്. അപകടം വരാതെ അതവിടെ ഇറക്കി. പിന്നെ കോട്ടയത്ത്. അത് മുങ്ങിയും പോയി. എനിക്ക് ഒത്തിരി സാധനം കൊണ്ടുവരാമെന്ന് പറഞ്ഞു. ഇത് ഇതുവരെ എത്തിയിട്ടില്ല.”

“ഈ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നുണ്ട്. അത് കോണ്‍ഗ്രസുകാരല്ല. പിണറായിയുടെ ഗുണ്ടകളാണ്. ഈ ചെയ്യുന്നതൊന്നും ഞങ്ങള്‍ക്ക് ഇഷ്ടമല്ല. സുരേഷ് ഗോപിഎന്നെ ഉപദ്രവിച്ചിട്ടില്ല. പ്രധാനമന്ത്രി, ഞാന്‍ അവിടെ പോയതാണ്. അവര്‍ എന്നോട് വോട്ട് ചോദിച്ചിട്ടില്ല. എന്റെ കാര്‍ന്നോര്‍മാരായിട്ട് ഞങ്ങള്‍ കോണ്‍ഗ്രസുകാരാണ്. മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും.”

ഒരു കോണ്‍ഗ്രസുകാരനും നിര്‍ബന്ധിച്ചിട്ടല്ലല്ലോ ചേടത്തി ഈ കടകളില്‍ പോയത് എന്നായിരുന്നു സതീശന്റെ അടുത്ത ചോദ്യം. “ഞാന്‍ ചട്ടിയും കൊണ്ട് കോണ്‍ഗ്രസിന്റെ ഓഫീസില്‍ എത്തുമ്പോഴാണ് അവര്‍ അറിയുന്നത്. എന്റെ പാര്‍ട്ടി അതാണ്‌. അതുകൊണ്ട് അന്വേഷിച്ച് ചെന്ന് കണ്ടുപിടിക്കുകയാണ് ചെയ്തത്.” ഇതായിരുന്നു മറിയക്കുട്ടിയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top