മറിയക്കുട്ടിയെ പേടിച്ചല്ല ‘പടയണി’യെന്ന് കെഎസ്കെടിയു; പിണറായിയെ വിശ്വാസമില്ലെന്ന് മറിയക്കുട്ടി; ക്ഷേമപെന്‍ഷന്‍ മുടക്കിയത് കേന്ദ്രമെന്ന പ്രചാരണത്തിന് സിപിഎം
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷയെടുത്ത് സമരമുഖം തുറന്ന മറിയക്കുട്ടി ഇഫക്ട് സിപിഎമ്മിനെ വേട്ടയാടുന്നു. മറിയക്കുട്ടിയുടെ പിച്ചച്ചട്ടി സമരം പാര്‍ട്ടിക്കകത്ത് വലിയ ഓളം സൃഷ്ടിച്ചെന്നാണ് സിപിഎം വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ വന്ന രാഷ്ട്രീയ തിരിച്ചടി മറികടക്കാന്‍ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയ (കെഎസ്കെടിയു)നെ പാര്‍ട്ടി രംഗത്തിറക്കുന്നു. ക്ഷേമപെന്‍ഷന്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് പ്രചാരണം നടത്താനാണ് പദ്ധതി. ഫെബ്രുവരി 10 മുതൽ 20 വരെ ‘പാവങ്ങളുടെ പടയണി’എന്ന പേരില്‍ പഞ്ചായത്ത്, കോർപ്പറേഷൻ തലങ്ങളിലാണ് കെഎസ്കെടിയു വ്യാപക പ്രചാരണ പരിപാടി നടത്തുന്നത്. പെൻഷൻ ഗുണഭോക്താക്കളെയും ക്ഷേമനിധി അംഗങ്ങളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും മറ്റും സംഘടിപ്പിച്ച് വിശദീകരണം നൽകാനാണ് തീരുമാനം.
മറിയക്കുട്ടിയുടെ സമരം സിപിഎമ്മിനെ വലിയ തോതില്‍ ഉലച്ചിരുന്നു. ഇവരുടെ സ്വത്തിന്റെ പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടി പത്രം മാപ്പ് പറയുകയും ചെയ്തിരുന്നു. അതിനു ശേഷം സിപിഎം തുടരുന്ന മൗനമാണ് കെഎസ്കെടിയുവിലൂടെ ഭഞ്ജിക്കുന്നത്. എന്നാല്‍ മറിയക്കുട്ടി ഇഫക്ട് പേടിച്ചല്ല ‘പാവങ്ങളുടെ പടയണി’നടത്തുന്നതെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എന്‍.ആര്‍.ബാലന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മറിയക്കുട്ടിയെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അട്ടിമറിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസ്ഥയിലും മൂന്ന് മാസത്തെ പെന്‍ഷന്‍ മാത്രമാണ് കുടിശിക. ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ 18 മാസമായിരുന്നു കുടിശിക. അന്ന് മാധ്യമങ്ങള്‍ മിണ്ടിയില്ല- ഇതൊക്കെ ഞങ്ങള്‍ തുറന്നുകാണിക്കും”- ബാലന്‍ പറഞ്ഞു.
“പാവങ്ങളുടെ പരിപാടി സിപിഎം നടത്തുന്നത് പണത്തിന് വേണ്ടിയാണ്. സിപിഎമ്മിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എനിക്ക് പിണറായിയെ വിശ്വാസമില്ല. പാവങ്ങള്‍ അവര്‍ക്കൊപ്പം നിന്നപ്പോള്‍ കഞ്ഞികുടി മുട്ടി. ഞാന്‍ സമരം നടത്തിയത് എനിക്ക് വേണ്ടിയല്ല. ക്ഷേമപെന്‍ഷന്‍ മുടങ്ങിയ ജനങ്ങള്‍ക്ക് വേണ്ടിയാണ്-“മറിയക്കുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here