മാർത്തോമ്മാ മെത്രാന്മാരുടെ ഉല്ലാസയാത്രക്കെതിരെ സഭയിൽ കലാപം; പോപ്പിനെ കാണാൻ ഏഴംഗസംഘം പോയത് ഉന്നതസമിതികൾ അറിയാതെ

തിരുവല്ല ആസ്ഥാനമായ മാർത്തോമ്മാ സഭയിലെ ഏഴ് മെത്രാന്മാർ സഭാ ഐക്യത്തിൻ്റെ പേര് പറഞ്ഞ് മാർപ്പാപ്പയെ സന്ദർശിക്കാൻ പോയതിൽ സഭയ്ക്കുള്ളിൽ പൊട്ടിത്തെറി. സഭയുടെ ഉന്നതാധികാര സമിതികളുടെ അനുവാദമില്ലാതെയാണ് മെത്രാന്മാരുടെ യാത്ര എന്നാണ് സഭാ വൃത്തങ്ങൾ നല്കുന്ന സൂചന. ഈ മാസം 11നാണ് വത്തിക്കാനിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി. സഭയുടെ മേലധ്യക്ഷനായ തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത രോഗബാധിതനായി വെല്ലൂരിലാണ്. സഭാ തലവനില്ലാതെ പോപ്പുമായി എന്ത് ചർച്ച ചെയ്യാനാണ് ഇവർ പോയതെന്നാണ് വിശ്വാസ സമൂഹത്തിൻ്റെ ചോദ്യം. റാന്നി- നിലയ്ക്കൽ ഭദ്രാസന ബിഷപ്പായ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് വിദേശ പര്യടനം. വ്യാഴാഴ്ചയാണ് മെത്രാൻ സംഘം വത്തിക്കാ നിലേക്ക് പുറപ്പെട്ടത്. സഭയുടെ പരിഛേദമില്ലാതെ, കൃത്യമായ പ്രാതിനിധ്യമില്ലാതെ, സഭയുടെ മെത്രാപ്പോലീത്താ ഇല്ലാതെ എന്തു വിഷയം ചർച്ച ചെയ്യാനാണ് അത്യാവശ്യമായ ഈ യാത്ര? എക്യുമിനിസം (സഭ ഐക്യം) ആണ് വിഷയമെങ്കിൽ മെത്രാന്മാർ മാത്രം ചർച്ച ചെയ്താൽ മതിയോ എന്നാണ് വൈദികരും വിശ്വാസികളും അടങ്ങുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പ്രധാന ചർച്ചാ വിഷയം.സഭയുടെ ഉത്തരവാദിത്തപ്പെട്ട സമിതികളൊന്നും അറിയാതെ നടത്തുന്ന ഉല്ലാസയാത്രയുടെ ചെലവിനെചൊല്ലിയും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഒരുഘട്ടത്തിൽ പോലും മാർപ്പാപ്പയുടെ പരമാധികാരം അംഗീകരിക്കാത്ത സഭയാണ് മാർത്തോമ്മ സഭ. കത്തോലിക്ക സഭയിൽ നിന്ന് മാർത്തോമ്മ വിശ്വാസികൾക്ക് വിവാഹക്കുറി പോലും നൽകാത്ത കത്തോലിക്കാ സഭയുടെ നേതാവിനെ പോയി കാണുന്നത് ആരെ പറ്റിക്കാനാണെന്നാണ് വിശ്വാസികളുടെ ചോദ്യം. ആചാരങ്ങളിലും ആരാധനാക്രമങ്ങളിലും ഒരുപാട് വ്യത്യാസങ്ങളും നിലപാടുകളും നിലനില്ക്കുമ്പോൾ ഏത് കാര്യത്തിലാണ് ഐക്യമുണ്ടാക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പ്രധാന ചർച്ച. രണ്ട് നൂറ്റാണ്ടായി സ്വതന്ത്രസഭയായി നിലനില്ക്കുന്ന മാർത്തോമ്മാ സഭാ നേതൃത്വത്തിലെ ഒരുവിഭാഗം ഇപ്പോൾ മാർപ്പാപ്പയുമായി ചർച്ച നടത്താൻ പോയതിന് പിന്നിൽ ചില ഗൂഡ താൽപര്യങ്ങൾ ഉണ്ടെന്ന വാദവും ശക്തമാണ്. കഴിഞ്ഞ മാസം ചേർന്ന സഭാ പ്രതിനിധി മണ്ഡലത്തിലോ, സഭാ കൗൺസിലിലോ മാർപ്പാപ്പയുമായുള്ള കുടിക്കാഴ്ചയെക്കുറിച്ച് ചർച്ച ഉണ്ടായിരുന്നില്ല. മാർ ബർന്നബാസ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തിൻ്റെ പേരിലാണ് തട്ടിക്കൂട്ട് യാത്ര സംഘടിപ്പിച്ചത് എന്നാണ് സഭയ്ക്കുള്ളിലെ ആരോപണം. മാർത്തോമ്മ സഭക്ക് വത്തിക്കാനിൽ നിന്ന് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് സഭയിലെ ഒരു പ്രമുഖ ബിഷപ്പ് പറഞ്ഞു. ഏതോ ബിഷപ്പിന് ലഭിച്ച സ്വകാര്യ അനുമതിയുടെ വെളിച്ചത്തിലാണ് ഈ യാത്ര. നേതൃത്വത്തെ ഇരുട്ടിൽ നിർത്തിയുള്ള യാത്ര ഔദ്യോഗികമാക്കാനുള്ള തത്രപ്പാടിലാണ് ഏഴംഗ സഞ്ചാരികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top