മാരാമണ്ണില്‍ നിന്ന് സതീശന്‍ ഔട്ടാകാന്‍ കാരണം മെത്രാന്മാരുടെ തമ്മിലടി!! മാര്‍ത്തോമ്മാ സഭയുടെ നിലപാടിനെതിരെ പിജെ കുര്യന്‍

മാരാമണ്‍ കണ്‍വെന്‍ഷനിലേക്ക് പ്രാസംഗികനായി ക്ഷണിച്ചശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതിന് പിന്നില്‍ മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാര്‍ തമ്മിലുള്ള ചേരിപ്പോരെന്ന് വിമര്‍ശനം. സഭാധ്യക്ഷനായ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും രണ്ടാമനായ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ നിമിത്തമാണ് സതീശന്റെ പേര് വെട്ടാനിടയായത്. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് അപമാനിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനുമായ പ്രൊഫ പിജെ കുര്യനും രംഗത്ത് വന്നു.

സമീപകാലത്തായി ക്രൈസ്തവ സഭകളുടെ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബൈബിളിലുള്ള പാണ്ഡിത്യവും പ്രഭാഷണ ചാതുര്യവുമാണ് സഭാ വ്യത്യാസമില്ലാതെ പലരും ക്ഷണിക്കുന്നതിന് കാരണം. മാര്‍ത്തോമ്മാ സഭ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ സുവിശേഷ പരിപാടി എന്നറിയപ്പെടുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടത്തുന്ന യുവവേദിയിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചത് നവംബര്‍ അവസാന വാരത്തിലാണ്. യുവവേദിയുടെ സംഘാടകരായ യുവജനസഖ്യത്തിൻ്റെ പ്രസിഡൻ്റ് ജോസഫ് മാര്‍ ബര്‍ന്നബാസിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി റവ. ബിനോയ് ദാനിയേല്‍ ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഫെബ്രുവരി 15ന് ഉച്ചക്ക് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം.

സതീശന്‍ മാരാമണ്ണില്‍ പ്രസംഗിക്കുന്നു എന്ന വാര്‍ത്ത മാതൃഭൂമിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. വിദേശത്തായിരുന്ന തിയോഡോഷ്യസ് മെത്രാനോട് ആലോചിക്കാതെ സതീശനെ ക്ഷണിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റ് അന്തിമമായി തീരുമാനിക്കുന്നത് സഭാധ്യക്ഷനായ മാര്‍ത്തോമ്മ മെത്രാപ്പോലീത്തയാണ്. തന്നെ മറികടന്ന് പ്രതിപക്ഷ നേതാവിനെ മാര്‍ ബര്‍ന്നബാസ് ഏകപക്ഷീയമായി ക്ഷണിച്ചതിലെ അമര്‍ഷമാണ് സതീശനെ വെട്ടിനിരത്താന്‍ ഇടയാക്കിയത്.

“യുവവേദിയില്‍ പ്രസംഗിക്കാനുള്ളവരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് മുമ്പേ മാധ്യമങ്ങളില്‍ സതീശന്റെ പേര് വന്നതാണ് വിവാദത്തിന് ഇടവച്ചത് എന്നാണ് മാര്‍ ബര്‍ന്നബാസ് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സതീശനെ ക്ഷണിച്ചു എന്നത് സത്യമാണ്. അദ്ദേഹത്തിൻ്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ട്.” അങ്ങേയറ്റം മാന്യനായ സതീശന് ദു:ഖമുണ്ടായതില്‍ ഖേദമുണ്ടെന്നും മാര്‍ ബര്‍ന്നബാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചുവെന്ന് സഭയിലെ മുതിര്‍ന്ന ബിഷപ്പ് തന്നെ ഇങ്ങനെ സമ്മതിച്ചിരിക്കെയാണ് കണ്‍വെന്‍ഷന്‍ സംഘാടകർ വാർത്താ സമ്മേളനം നടത്തി സതീശനെ ക്ഷണിച്ചില്ലെന്ന് വിശദീകരിച്ചത്. മെത്രാന്മാര്‍ തമ്മിലെ മൂപ്പിളമത്തര്‍ക്കമാണ് വിവാദം ആളിക്കത്തിച്ചതെന്ന് വ്യക്തം.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയ സഭാ നേതൃത്വത്തിന്റെ നടപടിയിൽ മാര്‍ത്തോമ്മാ സഭാംഗം കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച ശേഷം ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. താന്‍ ഇടപെട്ട് സതീശനെ ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്നും സതീശനുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“വി ഡി സതീശന്‍ എന്റെ ഉത്തമ സുഹൃത്താണ്. അദ്ദേഹത്തെ ക്ഷണിച്ച ശേഷം ഒഴിവാക്കിയെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ യുവജനസഖ്യം സെക്രട്ടറി ബിനോയി ദാനിയേലുമായി ഫോണില്‍ ബന്ധപ്പെട്ടു. സതീശനെ ക്ഷണിച്ച കാര്യം അദ്ദേഹം സമ്മതിച്ചു. പ്രാസംഗികരുടെ ലിസ്റ്റ് അംഗീകാരത്തിനായി മെത്രാപ്പോലീത്തക്ക് നല്കിയതില്‍ ഒന്നാമത്തെ പേര് സതീശന്റേത് ആയിരുന്നുവെന്ന് ബിനോയ് ദാനിയേല്‍ പറഞ്ഞു. പക്ഷേ മെത്രാപ്പോലീത്ത അംഗീകരിച്ചത് മറ്റൊരു പേരാണ്.” അത് മെത്രാപ്പോലീത്തയുടെ അധികാരത്തില്‍പ്പെട്ട കാര്യമാണെന്നും കുര്യന്‍ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

എന്തായാലും മെത്രാന്മാര്‍ തമ്മിലെ തൊഴുത്തില്‍ക്കുത്ത് പൊതുമണ്ഡലത്തിലും സോഷ്യല്‍ മീഡിയിയിലും സഭയെ അപഹാസ്യരാക്കി എന്നതാണ് വിശ്വാസികളുടെ ദുഖം. അടുത്ത മാസം 9 മുതല്‍ 16 വരെ കോഴഞ്ചേരി- മാരാമണ്‍ പമ്പാ മണല്‍ തീരത്താണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top