മരിക്കുംമുമ്പേ വൈദികനെ സ്വർഗത്തിലേക്ക് പറഞ്ഞയച്ച് സഭാ സെക്രട്ടറി!! മർത്തോമ്മാസഭയിൽ കലാപം

ഹൃദ്രോഗബാധിതനായി ആശുപത്രിയിൽ കിടക്കുന്ന മർത്തോമ്മാ സഭയിലെ മുതിർന്ന വൈദികൻ മരിച്ചുപോയി എന്ന് ചരമക്കുറിപ്പ് ഇറക്കിയ സഭാ സെക്രട്ടറിക്കെതിരെ വിശ്വാസികൾ. കുമ്പനാട് ശാലേം മർത്തോമ്മ ഇടവക വികാരി റവൻ്റ് ജെയിംസ് ജോർജിനെയാണ് സഭാ സെക്രട്ടറി കാലപുരിക്കയച്ചത്. ഒടുവിൽ ഇന്നലെ അർദ്ധരാത്രിയോടെ അച്ചൻ മരിച്ചിട്ടില്ലെന്ന് അറിയിച്ച് സഭാ സെക്രട്ടറി റവ.എബി ടി മാമ്മൻ വീണ്ടും കുറിപ്പിറക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് കുമ്പനാട് ശാലേം പള്ളി വികാരി റവ. ജെയിംസ് ജോർജ്ജ് ഹൃദയാഘാതത്തെ തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഐസിയുവിൽ ചികിത്സയിൽ ആയത്. ഇന്നലെ രാവിലെ 10 മണിയോടെ ഇദ്ദേഹത്തിൻ്റെ വെൻ്റിലേറ്റർ സപ്പോർട്ട് മാറ്റിയതോടെ സഭാ സെക്രട്ടറിയുടെ ചരമ അറിയിപ്പ് ഇറക്കി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്. ഡോക്ടർമാർ ഔദ്യോഗികമായി മരണം അനൗൺസ് ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.
നിർഭാഗ്യവാനും ഇപ്പോഴും ജീവിച്ചിരിക്കുന്ന പാവം പാതിരിയെ അമിതാവേശം കാണിച്ച് കാലപുരിക്കയച്ച സഭാ സെക്രട്ടറിക്കെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ഇന്നലെ രാത്രി വൈകി തിരുത്ത് ഇറക്കിയത്. സഭയുടെ വാട്സാപ്പ് ഗ്രൂപ്പുകളടക്കം സോഷ്യൽ മീഡിയയിലെല്ലാം സഭാ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധമാണ് പലരും ഉന്നയിക്കുന്നത്. റവ.എബി ടി മാമ്മനെതിരെ ഔദ്യോഗികമായി പരാതി നൽകാനും പലരും തയ്യാറെടുക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here