ഭീഷണിയുമായി മാർത്തോമ്മ സഭ; കോൺഗ്രസിനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കും
തിരുവല്ല: കോൺഗ്രസ് നേതൃത്വത്തിനെതിരെ മാർത്തോമ്മ സഭ പരസ്യ നിലപാടിലേക്ക്. സഭാംഗങ്ങളായ മണ്ഡലം പ്രസിഡൻ്റുമാരെ നീക്കിയതിലും അച്ചടക്ക ലംഘനം നടത്തിയതിന് പാർട്ടി പുറത്താക്കിയ ഡോ. സജി ചാക്കോയെ തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് സഭ കോണ്‍ഗ്രസ് നേതൃത്വത്തോട് അതൃപ്തി അറിയിച്ചത്.
സഭയുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന കോൺഗ്രസിൻ്റെ നിലപാടിലുള്ള പ്രതിഷേധം സഭാ അധ്യക്ഷന്‍ ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയും ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആൻ്റോ ആൻ്റണി എംപി എന്നിവരെ അറിയിച്ചിട്ടുണ്ട്. വി.ഡി.സതീശന് കത്തും സഭാ നേതൃത്വം നൽകി. ഒരാഴ്ചയ്ക്കകം സഭ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയും സഭ മുഴക്കിയിട്ടുണ്ട്.
മാർത്തോമ്മ സഭയിൽ നിന്നും സഭാംഗങ്ങളായ ജനപ്രതിനിധികളെ കോൺഗ്രസ് അധികാരത്തിലെത്തിയ കാലത്തൊന്നും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സർവകലാശാലകളിൽ വിസി സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. പിഎസ്‍സിമെംബർ സ്ഥാനത്തേക്ക് പോലും പരിഗണിച്ചില്ലെന്നും സഭയ്ക്ക് പരാതിയുണ്ട്. എന്നാൽ 2016ലെ ഒന്നാം പിണറായി സർക്കാരിൽ സഭാംഗങ്ങളായ മാത്യു ടി തോമസിനെയും തോമസ് ചാണ്ടിയേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ മാത്യൂ ടി തോമസും, കുട്ടനാട് നിന്നുള്ള തോമസ് കെ തോമസും നിയമസഭാംഗങ്ങളാണ്. സിപിഐയിൽ നിന്നും മാർത്തോമ്മ സഭാംഗമായ ഡോ. ജിനു സക്കറിയ ഉമ്മനെ പിഎസ്‍സി അംഗമാക്കിയിരുന്നു . ഇടതുമുന്നണി എല്ലാക്രൈസ്തവ സഭാംഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുമ്പോൾ കോൺഗ്രസ് വേണ്ട പരിഗണന നൽകുന്നില്ലെന്നാണ് സഭയുടെ പരാതി. ഇത്തവണ സിഎസ്ഐ സഭാംഗമായ സജി ചെറിയാനെയും ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് വീണ ജോര്‍ജിനെയും മന്ത്രിമാരാക്കിയത് ചൂണ്ടിക്കാട്ടി. കെപിസിസിയുടെ തലപ്പത്തോ പ്രധാന പദവികളിലോ സമുദായ അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സഭാ നേതൃത്വം രോഷം പ്രകടിപ്പിച്ചു.
മല്ലപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജി ചാക്കോയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പല തവണ സജി ചാക്കോയെ തിരിച്ചെടുക്കണമെന്ന് എ ഗ്രൂപ്പും കെപിസിസിയോട് പല തവണ ആവശ്യപ്പെടുകയും ഒക്ടോബർ ആദ്യം കത്ത് നൽകുകയും ചെയ്തിരുന്നു. കോൺഗ്രസ് രാഷ്ടീയ കാര്യസമിതിയിലും കെപിസിസി നേതൃയോഗത്തിലും ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫും ബെന്നി ബഹനാനും നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഔദ്യോഗികമായി ഇരുനേതാക്കളും ചേർന്ന് കത്ത് നൽകുകയായിരുന്നു. രണ്ട് മാസത്തോളമായിട്ടും ഈ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിലാണ് മാർത്തോമ്മ സഭ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിനോട് നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ഈ മാസം രണ്ടിന് മാർത്തോമ്മ സഭാ ആസ്ഥാനത്ത് നടന്ന ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ കോൺഗ്രസ് നേതാക്കളെ സഭ അവഗണിച്ചിരുന്നു. കോൺഗ്രസിന്റെ ഒരു ജനപ്രതിനിധിക്കുപോലും വേദിയിൽ സഭാ നേതൃത്വം ഇടം നൽകിയില്ല. എന്നാൽ സ്ഥലത്തെ നിയമസഭാംഗമായ മാത്യു ടി തോമസിനെ മാത്രമാണ് സഭാ നേതൃത്വം വേദിയിലേക്ക് പരിഗണിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ജെ. കുര്യൻ, രമേശ് ചെന്നിത്തല, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, കെപിസിസി അംഗം ജോർജ് മാമൻ കൊണ്ടൂർ, നഗരസഭാ അധ്യക്ഷ അനു ജോര്‍ജ് എന്നിവർക്ക് സദസിൽ മാത്രമാണ് ഇരിപ്പിടം ലഭിച്ചത്. ഇവരെ ചടങ്ങിൽ സ്വീകരിക്കാനോ വേണ്ട പരിഗണന നൽകാനോ സഭാ നേതൃത്വം ശ്രമിച്ചില്ല. കെ.സി.വേണുഗോപാലടക്കമുള്ള നേതാക്കള്‍ സജി ചാക്കോയെ തിരിച്ചെടുക്കണമെന്ന് ഒക്ടോബറിലെ രാഷ്ടീയ കാര്യ സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനെ പി.ജെ. കൂര്യൻ ശക്തമായി എതിർത്തതും സഭാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
എൽഡിഎഫ് നേതൃത്വവുമായി മാർത്തോമ്മ സഭ കൂടുതൽ അടുക്കുന്നുവെന്ന വിലയിരുത്തലുകളുമുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് തിരുവല്ലയിൽ നവകേരള സദസിന് വേദി ഒരുക്കാൻ സഭയുടെ എസ്‍സിഎസ്‍ മൈതാനം വിട്ടു കൊടുത്തിരിക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമാണ്. നവകേരള സദസ് നടക്കുംവരെ ബിഷപ്പുമാരുടെ സ്ഥാനാരോഹണത്തിന് വേണ്ടി തയാറാക്കിയ പന്തൽ പൊളിക്കാതെ നിലനിർത്തിയിട്ടുണ്ട്.
Also Read: എ ഗ്രൂപ്പ് കത്ത് നൽകി; പുറത്താക്കിയവരെ തിരിച്ചെടുക്കണം, പി.ജെ കുര്യൻ്റെ എതിർപ്പ് അവഗണിച്ച് നീക്കം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here