വ്യാജരേഖ കേസിൽ ഷാജൻ സ്കറിയക്ക് ജാമ്യം; പോലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് കോടതി
എറണാകുളം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ജാമ്യം. വാർത്തക്കായി വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് കൊച്ചി തൃക്കാക്കര പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. എറണകുളം ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. ബിഎസ്എൻഎല്ലിന്റെ പേരിൽ ബില്ല് ചമച്ചു എന്ന കേസിലാണ് ചമയം അനുവദിച്ചത്. ഇന്ന് രാവിലെ പത്തരയ്ക്കാണ് ഷാജനെ നിലമ്പൂരിൽ വച്ച് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. 24 ന്യൂസ് ചാനലിന്റെ ഡൽഹി ലേഖകൻ ആർ.രാധാകൃഷ്ണൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്നും കോടതി കുറ്റപ്പെടുത്തി. പോലീസിന് ഇക്കാര്യത്തിൽ ദുരുദ്യേശം ഉണ്ടെന്നും ഇന്നുതന്നെ ജാമ്യം നൽകണമെന്നും കോടതി കർശന നിർദേശം നൽകി.
മറ്റൊരു കേസിൽ നിലമ്പൂർ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമം തടയാനുള്ള വകുപ്പ് പ്രകാരവും, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയും വിവിധ കേസുകളിൽ പോലീസ് അറസ്റ്റിന് നീക്കം നടത്തിയതിനെ തുടർന്ന് രണ്ടു മാസത്തോളമായി ഒളിവിൽ ആയിരുന്നു. പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലെടുത്ത കേസിൽ അറസ്റ്റ് വിലക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും വീണ്ടും കേസുകൾ വന്നതോടെ ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമം തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഇന്നലെ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമാണ് ഇന്ന് രാവിലെ നിലമ്പൂർ സ്റ്റേഷനിൽ എത്തിയത്.
ആഭ്യന്തര കലാപമുണ്ടാക്കാൻ വ്യാജ വാർത്ത ചമച്ചു എന്ന മറ്റൊരുകേസിൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഷാജന് മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യ ഹർജിയെ പോലീസ് ശക്തമായി എതിർത്തിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ വ്യാജവാർത്തയുടെ ഉറവിടം കണ്ടെത്താനാകു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടാൻ കോടതി നിർദേശം നൽകി. ഷാജനെ അറസ്റ്റ് ചെയ്യാമെങ്കിലും 50,000 രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here