മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. വാർത്തക്കായി വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് കൊച്ചി തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ നിലമ്പൂർ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
പട്ടിക ജാതി, പട്ടിക വർഗ്ഗ അതിക്രമം തടയാനുള്ള വകുപ്പ് പ്രകാരവും, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയും വിവിധ കേസുകളിൽ പോലീസ് അറസ്റ്റിന് നീക്കം നടത്തിയതിനെ തുടർന്ന് രണ്ടു മാസത്തോളമായി ഒളിവിൽ ആയിരുന്നു.
പി വി ശ്രീനിജിൻ എം എൽ എയുടെ പരാതിയിലെടുത്ത കേസിൽ അറസ്റ്റ് വിലക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും കേസുകൾ വന്നതോടെ ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമം തുടർന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഇന്നലെ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമാണ് ഇന്ന് രാവിലെ നിലമ്പൂർ സ്റ്റേഷനിൽ എത്തിയത്. അൽപ സമയത്തിനുള്ളിൽ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്.