40 കി.മീ മൈലേജുമായി മാരുതി സുസുക്കി സ്വിഫ്റ്റ് 2024; പ്രതീക്ഷയോടെ ഇന്ത്യൻ വാഹന വിപണി

വാഹനലോകം കീഴടക്കാൻ പുതിയ മോഡൽ സ്വിഫ്റ്റുമായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2024 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റിന് നിരവധി പ്രത്യേകതകളാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഇൻ്റർനാഷണൽ മോഡലായ 2024 സുസുക്കി സ്വിഫ്റ്റ് ജപ്പാൻ മൊബിലിറ്റി ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. 40 കിലോമീറ്റർ മൈലേജ് പുതിയ വാഹനത്തിനുണ്ടാകുമെന്ന വാർത്ത നേരത്തേ പുറത്തു വന്നിരുന്നു.

നിലവിലെ കെ സീരീസ് എൻജിന് പകരം ഇസഡ് സീരീസ് എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന് നൽകിയിരിക്കുന്നത്. എൽഇഡി. പ്രൊജക്ഷൻ ഹെഡ് ലൈറ്റ്, എൽ ഷേപ്പിലുള്ള ഡിആർഎൽ, ചെറിയ എയർഡാം, സിൽവർ ഫിനിഷിംഗ് ലോവർ ലിപ്പ് എന്നിവയാണ് പുതിയ മോഡലിൻ്റെ ലുക്കിലുള്ള പ്രധാന മാറ്റം. അലോയി വീലുകളുടെ ഡിസൈനിലും കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്.

പൂർണമായും എൽഇഡിയിൽ നിർമിച്ചിരിക്കുന ടെയ്ൽ ലൈറ്റുകളും രൂപമാറ്റം വരുത്തിയിട്ടുള്ള ഹാച്ച്ഡോറും സ്കേർട്ട് നൽകിയിരിക്കുന്ന റിയർ ബമ്പറുമാണ് പിൻഭാഗത്തിന് സ്പോർട്ടി ലുക്ക് നൽകുന്നത്. ഇന്റീരിയറിലെ ഫീച്ചറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആഗോള മോഡലായ സുസൂക്കി സ്വിഫ്റ്റ് 2024 ൽ ലഭ്യമായ എല്ലാ ഫീച്ചറുകളും ഇന്ത്യൻ മോഡലിനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (എഡിഎഎസ്)ആണ് പുതിയ മോഡൽ സുസുക്കിയിലെ ശ്രദ്ധേയമായ ഫീച്ചർ. ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സംവിധാനം,റോഡ് സൈൻ ഡിറ്റക്ഷൻ സംവിധാനം എന്നിവയാണ് സുസുക്കി സ്വിഫ്റ്റ് 2024ന്‍റെ പ്രധാന പ്രത്യേകതകൾ.

ഈ എഡിഎസ് ഫീച്ചറുകൾക്ക് പുറമേ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, സ്റ്റാർട്ട് നോട്ടിഫിക്കേഷൻ സൗണ്ട്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, അപകടങ്ങൾ തടയാൻ തുടക്കത്തിൽ തന്നെ എഞ്ചിൻ ഔട്ട്പുട്ട് കുറയ്ക്കുന്ന ഫംഗ്‌ഷനുകൾ തുടങ്ങിയവയും പുതിയ സ്വിഫ്റ്റിലുണ്ട്.

കഴിഞ്ഞ ദിവസം പുതിയ സ്വിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തുടർന്ന് പുതിയ മോഡൽ സിഫ്റ്റിനെപ്പറ്റി നിരവധി ചർച്ചകളും നടക്കുന്നുണ്ട്. പുതിയ മോഡൽ 2024ന്റെ തുടക്കത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top