സർക്കാരിന് താക്കീതുമായി മറിയക്കുട്ടി; ‘വീണ്ടും തെരുവിലിറക്കരുത്’

അടിമാലി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. തനിക്ക് ഒരു മാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചതെന്നും കുടിശ്ശിക ഉടൻ നൽകിയില്ലെങ്കിൽ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുമെന്നും മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വീണ്ടും തന്നെ തെരുവിൽ ഇറക്കാനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടു.
“ഇത്രയും കാലമായി പെൻഷൻ മുടങ്ങി കിടക്കുകയാണ്. ഒരു മാസത്തെ പെൻഷൻ തുകയാണ് ഇന്ന് നൽകിയത്. കിട്ടാനുള്ള മുഴുവൻ പെൻഷൻ തുകയും ലഭിക്കണം. പെൻഷൻ മുടക്കിയ സാധാരണക്കാരായ നിരവധി ആളുകളുണ്ട്. അവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ ഭിക്ഷ ചട്ടിയുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണം”- മറിയക്കുട്ടി പറഞ്ഞു.
അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് മറിയക്കുട്ടിക്ക് പെൻഷൻ കൈമാറിയത്. ജൂലൈ മാസത്തെ പെന്‍ഷന്‍ തുകയാണ് ഇന്ന് മറിയക്കുട്ടിക്ക് ലഭിച്ചത്. നാല് മാസത്തെ പെന്‍ഷനാണ് ഇനി കിട്ടാനുള്ളത്. കഴിഞ്ഞ ദിവസം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തുടങ്ങിയവർ മറിയക്കുട്ടിയെ സന്ദർശിച്ച് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ പെൻഷനുമായി വീട്ടിലെത്തിയത്.
ഭിക്ഷയെടുത്തുള്ള പ്രതിഷേധത്തിന് ശേഷം മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും മകൾ വിദേശത്താണെന്നുമുള്ള വാർത്ത ദേശാഭിമാനി ദിനപത്രം നൽകിയിരുന്നു. പാർട്ടി പത്രത്തിൽ വന്ന വാർത്ത ഉപയോഗിച്ച് സാമൂഹ്യ മാധ്യങ്ങളിൽ മറിയക്കുട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണമായിരുന്നു സിപിഎം സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തിയത്. വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മറിയക്കുട്ടി രംഗത്ത് വന്നതോടെ ദേശാഭിമാനി വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി പത്രത്തിൻ്റെ വന്ന ഖേദപ്രകടനത്തെ അംഗീകരിക്കാതെ നിയമപരമായി നേരിടാനാണ് മറിയക്കുട്ടിയുടെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here