ദേശാഭിമാനിക്കെതിരെ ഹർജി നൽകി മറിയക്കുട്ടി; നേരിട്ടെത്തി പിന്തുണയറിയിച്ച് സുരേഷ് ഗോപി

അടിമാലി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി അടിമാലി കോടതിയിൽ ഹർജി സമർപ്പിച്ചു. ദേശാഭിമാനി ദിനപത്രവും സിപിഎം പ്രവർത്തകരും നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്കും സൈബർ ആക്രമണങ്ങള്‍ക്കും എതിരെയാണ് പരാതി. പെൻഷൻ മുടങ്ങാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകാനാണ് മറിയക്കുട്ടിയുടെ തീരുമാനം.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും ഭൂമിയും വീടുമുണ്ടെന്ന വ്യാജ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വാർത്ത നൽകിയവർ നേരിട്ടോ കോടതിയിലോ എത്തി മാപ്പ് പറയണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. അഭിഭാഷകൻ പ്രതീഷ് പ്രഭയാണ് മറിയകുട്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. യൂത്ത് കോൺഗ്രസ് ദേവികുളം മണ്ഡലം കമ്മിറ്റിയാണ് നിയമ സഹായ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, മറിയക്കുട്ടിയുടെഇരുന്നൂറേക്കറിലെ വീട്ടിൽ നേരിട്ടെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പിന്തുണയറിയിച്ചു. മറിയക്കുട്ടിക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മറിയക്കുട്ടിയുടെ പെൻഷൻ സംബന്ധിച്ച വിവരങ്ങളും സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. വീട്ടിലെത്തി പിന്തുണയറിയിച്ച സുരേഷ് ​ഗോപിക്ക് നന്ദി അറിയിക്കുന്നതായി മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക ബിജെപി നേതാക്കൾക്കൊമായിരുന്നു സുരേഷ് ​ഗോപി എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top