‘നാന്‍ വിടമാട്ടേന്‍’; ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്
ആര്‍. രാഹുല്‍
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ പോരാട്ടം ഹൈക്കോടതിയിലേക്ക്. രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മറിയക്കുട്ടി കോടതിയെ സമീപിക്കുന്നത്. എൺപത്തിയേഴ് വയസുള്ള തൻ്റെ പേരിൽ ദേശാഭിമാനി ദിനപത്രത്തിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിപ്പിച്ച വ്യാജവാർത്തകൾക്കെതിരെ അപകീർത്തി കേസ് നൽകാനാണ് മറിയക്കുട്ടിയുടെ തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങളും ഭീഷണിയും തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നൽകാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതിയില്‍ നാളെ ഫയല്‍ ചെയ്യും.
താന്‍ സത്യം തെളിയിച്ചിട്ടുണ്ടെന്നും തനിക്കെതിരെ ഇനിയും ഭീഷണി ഉണ്ടാവരുതെന്നും മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഏത് കോടതി വരെയും താൻ പോകും. ദേശാഭിമാനി പത്രത്തിൽ വാർത്ത കൊടുത്തവരെ തനിക്ക് നേരിട്ട് കാണണം. അതുവരെ നിയമപോരാട്ടം തുടരും. തനിക്കും മക്കൾക്കും ഭീഷണിയുണ്ട്. നീതി കിട്ടണം. ഭിക്ഷയെടുക്കാൻ ഇറങ്ങിയതോടെയാണ് ഇത്രയും ഉപദ്രവം ഉണ്ടായതെന്നും മറിയക്കുട്ടി വ്യക്തമാക്കി.
കേരളത്തിലെ ആയിരക്കണക്കിന് വയോധികമാർക്ക് വേണ്ടി കോടതിയെ സമീപിക്കുന്ന മറിയക്കുട്ടിക്ക് യൂത്ത് കോൺഗ്രസ് നിയമ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മറിയക്കുട്ടി, അന്നം എന്നീ രണ്ട് അടിമാലിക്കാരായ വൃദ്ധകളുടെ പ്രതിഷേധം കേരളത്തിലെ മുഴുവൻ പേർക്കും മുടങ്ങിയ ഒരുമാസത്തെയെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് കാരണമായെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.ഐ. ജീസസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മറിയക്കുട്ടിയുടേയും മക്കളുടേയും പേരില്‍ ദേശാഭിമാനി ദിനപത്രവും സിപിഎമ്മും നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ മറിയക്കുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്നായിരുന്നു സിപിഎം മുഖപത്രമായ ദേശാഭിമാനിയും സിപിഎം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും പ്രചരിപ്പിച്ചത്. തുടർന്ന് തൻ്റെ സ്വത്ത് വിവരങ്ങളറിയാൻ മറിയക്കുട്ടി മന്നാംകണ്ടം വില്ലേജ് ഓഫീസ് അപേക്ഷ നൽകി. മറിയക്കുട്ടിയുടെ പേരിൽ ഒരു തുണ്ടുഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
” പെൻഷൻ മുടങ്ങിയെന്ന് പറഞ്ഞ് കോൺഗ്രസ് പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തൽ. സ്വന്തമായി രണ്ട് വീടുണ്ട്. അതിൽ ഒരു വീട് അടിമാലിയിൽ ഇരുന്നൂറേക്കറിൽ 5000 രൂപക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നു. പഴംമ്പിള്ളിചാലിൽ ഒന്നര ഏക്കറോളം സ്ഥലവുമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകൾ മറച്ചു വെച്ചാണ് അരി വാങ്ങാൻ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടി വന്നെന്ന കളവുമായി മറിയക്കുട്ടി ചാനലിൽ എത്തിയത്”- ഇങ്ങനെയായിരുന്നു സിപിഎം ദിനപത്രത്തിൽ വന്ന വാർത്ത