ഇഡിക്കുള്ളത് ആര്‍ബിഐക്കില്ലാത്ത പരാതിയെന്ന് തോമസ് ഐസക്ക്; മസാല ബോണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇല്ലാത്തത് ഭാഗ്യം

തിരുവനന്തപുരം: താന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളാണ് ഇഡിയെ പ്രകോപിച്ചതെന്ന് മുന്‍മന്ത്രി മുന്‍മന്ത്രി ടി.എം.തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇഡി തന്നെ വിടാതെ പിടികൂടിയിരിക്കുന്നെന്നും തോമസ് ഐസക്ക് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കിഫ്ബി മസാല ബോണ്ട് കേസില്‍ തന്നെ താറടിക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് തോമസ് ഐസക്ക് നടത്തിയത്.
“ഞാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് ഇഡി ശക്തമാക്കിയത്. സ്ഥാനാര്‍ഥിയായാലും എന്റെ വിജയം തടയാന്‍ ഈ കേസ് കൊണ്ട് കഴിയില്ല. മസാലബോണ്ട് കേസിന് പിന്നില്‍ കേന്ദ്രം നടത്തുന്നത് രാഷ്ട്രീയ നീക്കമാണ്. എന്റെ ഭാഗ്യത്തിന് ഈ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്രമരഹിതമായി മസാലബോണ്ട് ഇറക്കി എന്നാണ് കേസ്. റിസര്‍വ് ബാങ്കിനില്ലാത്ത പരാതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എന്തിനാണ്. എന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ചെയ്ത് ദിവസവും വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ ഈ കേസില്‍ എന്തോ ഉണ്ടെന്ന തോന്നലുണ്ടാക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്”-തോമസ് ഐസക്ക് പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയില്‍ ഇഡി സത്യവാങ്മൂലം നല്‍കിയത്. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടാന്‍ ഹൈക്കോടതിക്ക് ആകില്ലെന്നുമാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം.എബ്രഹാമും സമർപ്പിച്ച ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി സത്യവാങ്മൂലം നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here