മസാല ചായ ചെറിയ മീനല്ല, ഇനി ലോകശ്രദ്ധയിലേക്ക്; മികച്ച പാനീയങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ചായ കുറച്ച് സ്പെഷ്യല്‍ ആക്കാന്‍, രണ്ട്- മൂന്ന് ഏലയ്ക്കയും ചുക്കുമൊക്കെ ചതച്ചിട്ട്‌ തിളപ്പിച്ച് ചായ ഉണ്ടാക്കുന്നവരാകും പലരും. ഈ കൂട്ട് ഇനി നിസാരമെന്ന് കരുതണ്ട. ലോകത്തിലെ ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് നമ്മള്‍ തയ്യാറാക്കാറുള്ള മസാല ചായ. പരമ്പരാഗത വിഭവങ്ങൾ, പ്രാദേശിക ചേരുവകൾ, ലോകമെമ്പാടുമുള്ള ആധികാരിക ഭക്ഷണശാലകൾ എന്നിവയുടെ വിജ്ഞാനകോശമായ ടേസ്റ്റ്അറ്റ്‌ലസ് എന്ന ഓണ്‍ലൈന്‍ ഫുഡ്‌ ഗൈഡാണ് ലോകത്തിലെ ഏറ്റവും മികച്ച നോണ്‍-ആല്‍ക്കഹോള്‍ പാനീയങ്ങളുടെ 2023-24ലെ പട്ടികയില്‍ മസാല ചായക്ക് രണ്ടാം സ്ഥാനം നല്‍കിയത്.

കട്ടന്‍ ചായയും പാലും യോജിപ്പിച്ച്, ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പു, കുരുമുളക്, കറുവാപട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഇന്ത്യയുടെ സ്വന്തം മസാല ചായ. തിരഞ്ഞെടുക്കുന്ന മസാലകളിലും ചേര്‍ക്കുന്ന അളവിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താം.

മെക്‌സിക്കോയുടെ അഗ്വാസ് ഫ്രെസ്‌കാസാണ് പട്ടികയില്‍ ഒന്നാമത്. പഴങ്ങൾ, വെള്ളരി, പൂക്കൾ, വിത്തുകൾ, ധാന്യങ്ങൾ എന്നിവ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുന്ന പാനീയമാണിത്. ഇന്ത്യയുടെ മാംഗോ ലസ്സിക്കാണ് മൂന്നാം സ്ഥാനം. ലോകത്തിലെ ഏറ്റവും മികച്ച ഡയറി പാനീയം എന്ന തലക്കെട്ടും ഇതിന് ലഭിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യയില്‍ ചായ നിലവില്‍ ഉണ്ട്. നിരന്തരമായ ജോലിക്കിടയില്‍ മടുപ്പ് അകറ്റി ഉന്മേശത്തോടെ പണിയെടുക്കാന്‍ ഇന്ത്യന്‍ ടീ അസ്സോസിയേഷന്‍ ടീ ബ്രേക്കുകള്‍ നല്‍കിയതോടെയാണ് ഇരുപതാം നൂറ്റാണ്ടില്‍ ചായ ജനശ്രദ്ധ നേടുന്നത്. ഇന്ന് ഇന്ത്യയിലെ തെരുവുകളെ സജീവമാക്കുന്ന, വികാരങ്ങളെ ഉണര്‍ത്തുന്ന പാനീയമായി ചായ മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top