മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യലിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍; വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തത് നിയമവിരുദ്ധം

കൊച്ചി: മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തത് നിയമവിരുദ്ധമാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാക്കണമെന്നും ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അതേസമയം വനിതാ ജീവനക്കാരിയെ ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ അടിയന്തര പ്രധാന്യമില്ലെന്നും ഇഡി പറഞ്ഞു. ഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

ചോദ്യം ചെയ്യലിന്‍റെ പേരില്‍ ഇഡി ഉദ്യോഗസ്ഥര്‍ സിഎംആര്‍എല്‍ ജീവനക്കാരെ പീഡിപ്പിച്ചെന്നാണ് ആരോപണം. വനിതാ ജീവനക്കാരിയെ 24 മണിക്കൂര്‍ ആണ് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചത്. ഇമെയില്‍ ഐഡി, പാസ് വേര്‍ഡ് തുടങ്ങി രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരായി. കോടതി ഉത്തരവ് ഉണ്ടായിട്ടും ഇഡി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനി ആരോപിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന കര്‍ത്തയുടെ ആവശ്യം പരിഗണിക്കാതെയാണ് ഇന്ന് തന്നെ ഹാജരാകാന്‍ ഇഡി അറിയിച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ വിശദീകരണം കണ്ടെത്താനാണ്‌ കര്‍ത്തയെ ഇഡി വിളിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഇതേ ആരോപണത്തില്‍ എസ്എഫ്‌ഐഒ അന്വേഷണവും വീണയ്‌ക്കെതിരെ നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top