മാസപ്പടിക്കേസിൽ കുഴൽനാടൻ്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; വിധി പഠിച്ചശേഷം തുടർ നടപടികളിലേക്കെന്ന് എംഎല്‍എ
തിരുവനന്തപുരം: മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ മാസപ്പടിക്കേസിൽ വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു കുഴൽനാടൻ്റെ ഹർജി. കോടതി ഈ ആവശ്യം നിരസിക്കയായിരുന്നു.
കൊച്ചിയിലെ സിഎംആർഎല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് മാസം തോറും പണം നൽകിയതെന്നായിരുന്നു കുഴൽനാടൻ്റെ ആരോപണം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. തുടക്കത്തിൽ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ഹർജി നൽകി.
ഹർജി സംബന്ധിച്ച് കോടതി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു. കരിമണൽ ഖനനത്തിന് മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടു എന്ന് തെളിയിക്കുന്ന ചില രേഖകളെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളാണ് കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇവയൊന്നും മുഖ്യമന്ത്രിയുടെ അനധികൃത ഇടപെടൽ തെളിയിക്കുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
വിധി പഠിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് മാത്യൂ കുഴൽനാടൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here