കുറ്റപത്രത്തിലെ മൊഴി നിഷേധിച്ച് വീണ…. ‘മാസപ്പടി’യിലെ SFIO അന്വേഷണത്തിൽ ആദ്യ പ്രതികരണം

സിഎംആര്‍എല്ലില്‍ നിന്നും സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഒക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ. ആദ്യമായാണ് മാസപ്പടിക്കേസ് സംബന്ധിച്ച് വീണ ഒരു പ്രതികരണം നടത്തുന്നത്. നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ഇങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും മാത്രമാണ് വീണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേസിലെ മറ്റ് വിവരങ്ങളിലൊന്നും പ്രതികരണം ഇല്ല.
“ഇത്തരം ചില വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.” വാര്‍ത്താക്കുറിപ്പിൻ്റെ ഉള്ളടക്കം ഇത്രമാത്രം.
നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും സമാനമായ പ്രതികരണം നടത്തിയിരുന്നു. ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്, ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ഓഫീസില്‍ തയ്യാറാക്കുന്ന ഇത്തരം വാര്‍ത്തകള്‍ സത്യമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ട് എന്നുമാണ് റിയാസ് പറഞ്ഞത്. ഈ വിഷയത്തിൽ പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന വീണക്ക് വേണ്ടി സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങൾ അടക്കമാണ് ഇതുവരെ മറുപടി പറഞ്ഞത്. ഒരുതവണ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വീണയെ പ്രതിരോധിച്ച് രംഗത്ത് എത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here