കുഴല്‍നാടന്റെ എടുത്തുചാട്ടം പാര്‍ട്ടിക്ക് തിരിച്ചടി; എക്‌സാലോജിക്കിലെ ഹൈക്കോടതി വിധി സിപിഎമ്മിന് പറഞ്ഞ് രസിക്കാന്‍ അവസരമായി

പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമാകുന്നു. വലിയ അഭിഭാഷകന്‍ എന്ന ഭാവത്തില്‍ ഇറങ്ങി തിരിച്ചതാണ് വിനയായതെന്ന് പാര്‍ട്ടിക്കാര്‍ക്ക് പരാതിയുണ്ട്. മാസപ്പടി വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും സിപിഎമ്മിനേയും ആവേശത്തിലാക്കുന്ന കാര്യങ്ങളാണ് കുഴല്‍നാടന്റെ ഈ ഇടപാടുകള്‍ മൂലം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയല്‍ പോയത് തികഞ്ഞ് അബദ്ധമായി എന്നാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലയിരുത്തല്‍. അഴിമതി നടന്നു എന്ന് പറയുന്നതല്ലാതെ തെളിവുകള്‍ ഒന്നും ഹാജരാക്കിയില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി കുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്. ഇത്രയേ ഉള്ളുവോ കുഴല്‍നാടന്റെ വക്കീല്‍ ബുദ്ധി എന്ന ചോദ്യമാണ് അപ്പോള്‍ ഉയരുന്നത്.

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി മകള്‍ക്കെതിരായ ആരോപണം ഉന്നയിച്ച് കൈയ്യടി നേടിയതോടെയാണ് മാത്യു കുഴല്‍നാടന്റെ ശ്രദ്ധ ഈ കേസില്‍ മാത്രമായി പതിയുന്നത്. അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ അമ്പരന്ന് പോയെങ്കിലും പിന്നീട് തരം കിട്ടുമ്പോഴെല്ലാം ഈ വിഷയം സഭക്ക് അകത്തും പുറത്തും ഉന്നയിക്കുന്നത് മൂവാറ്റുപഴ എംഎല്‍എ പതിവാക്കിയിരുന്നു. ഇതില്‍ ഭരണപക്ഷം അസ്വസ്ഥമാകുന്നതും പതിവായി. ഇതിലെ സാധ്യത മനസിലാക്കിയാണ് പാര്‍ട്ടിയോട് കൃത്യമായ ആലോചനയില്ലാതെ ഈ വിഷയത്തില്‍ നിയമപോരാട്ടം തുടങ്ങിയത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും മൂവാറ്റുപഴ വിജിലന്‍സ് കോടതിയിലും തിരിച്ചടി നേരിട്ടതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവിടെ നിന്നും തിരിച്ചടിയായതോടെ കുഴല്‍നാടന്‍ പാര്‍ട്ടിയില്‍ ഏറെക്കുറേ ഒറ്റപ്പെട്ട അവസ്ഥയിലായി. കാര്യമായ കൂടിയാലോചനകള്‍ നടത്താത്തതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ആയുധങ്ങള്‍ കടുത്ത് സര്‍ക്കാര്‍ പതറി നിന്ന സമയത്ത് പ്രതിരോധിക്കാന്‍ മികച്ച ആയുധം അങ്ങോട്ട് നല്‍കി എന്ന പരാതിയാണ് കോണ്‍ഗ്രസിലുളളത്. വിധി വന്നതിന് പിന്നാലെ സിപിഎം നേതാക്കളും മന്ത്രിമാരും എല്ലാം മേനി പറഞ്ഞ് സജീവമായിട്ടുണ്ട്. ഇത് അനാവശ്യ അവസരം നല്‍കിയതല്ലേ എന്ന ചോദ്യത്തിന് കുഴല്‍നാടന്‍ മറുപടി പറയേണ്ടി വരും.

മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന വിജിലന്‍സ്, മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ട് നാണംകെടുകയാണ് കുഴല്‍നാടന്‍ എന്നാണ് പരിഹാസം ഉയരുന്നത്. കൂടാതെ രണ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മിലുളള ഇടപാടില്‍ കോര്‍പ്പറേറ്റ് ഫ്രോഡാണ് നടന്നത്. മുഖ്യമന്ത്രിയോ മന്ത്രിസഭയോ തീരുമാനമെടുത്ത കാര്യമല്ല. നേരിട്ട് മുഖ്യമന്ത്രി ഇടപെട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ എന്ത് വിജിലന്‍സ് അന്വേഷണം എന്ന ചോദ്യവും പ്രസക്തമാണ്.

കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുളള ഡീലാണെന്നും മുഖ്യമന്ത്രിയും കുഴല്‍നാടനും തമ്മിലുളള ഡീലാണെന്നും ബിജെപി വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. ഇതിന് അവസരം നല്‍കിയതിലും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ട്. മുഖ്യമന്ത്രിക്ക് എതിരായ കേസാണ്. പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ല എന്നറിയാം. എന്നാലും അഴിമതിക്കെതിരെ പോരാടും എന്നാണ് കുഴല്‍നാടന്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ അത് വകതിരിവോടെ വേണമെന്നാണ് യുവ എംഎല്‍എക്ക് എല്ലാവരും നല്‍കുന്ന ഉപദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top