‘ഷാഹി ജുമാ മസ്ജിദിൽ തല്ക്കാലം സർവേ വേണ്ട’; തുടർ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി
ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട സർവേ നടപടികളിൽ സുപ്രീം കോടതി ഇടപെടൽ. വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നതുവരെ വിചാരണക്കോടതിയിൽ നിന്ന് തുടർനടപടികൾ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സംഭാൽ പള്ളിയിലെ ഷാഹി ഈദ്ഗാ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുന്നത് വരെ തുടർ നടപടികൾ സ്വീകരിക്കരുതെന്നാണ് കോടതി ഉത്തരവ്. അതുവരെ പള്ളിയുടെ സർവേ നടത്തിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും തുറക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
Also Read: പളളി സർവേക്കിടയിൽ മുസ്ലിം യുവാക്കളെ വെടിവച്ചു കൊന്നതാര് !! നിഗൂഢത നിറച്ച് ഷാഹി ജുമാ മസ്ജിദ് സംഘർഷം
ജില്ലാക്കോടതിയുടെ നിർദേശ പ്രകാരം ഈ മാസം 24ന് നടന്ന മസ്ജിദ് സർവേക്കിടയിൽ നടന്ന സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർവേക്ക് സംഭാൽ ജില്ലാ കോടതി ഉത്തരവിട്ടത്. തുടർന്ന് നവംബര്‍ 19ന് ലോക്കല്‍ പോലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ ആദ്യഘട്ട സര്‍വേ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. നവംബർ 24ന് വീണ്ടും സർവേക്കായി ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് സംഘർഷം ഉടലെടുത്തത്.
സർവേയ്ക്ക് അനുമതി നൽകിയ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അലഹബാദ് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജില്ലാ ഭരണകൂടം പ്രദേശത്ത് സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളണമെന്നും കോടതി നിർദേശിച്ചു. കേസ് അടുത്ത വർഷം ജനുവരി 25ന് വീണ്ടും പരിഗണിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here