തലസ്ഥാനത്ത് എക്സൈസിന്റെ ലഹരിവേട്ട; വന്‍ റാക്കറ്റ് പിടിയില്‍; 125 ഗ്രാം എംഡിഎംഎയും വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന വന്‍ ലഹരിവേട്ടയില്‍ 125.397 ഗ്രാം എംഡിഎംഎ പിടികൂടി. എക്സൈസ് എൻഫോഴ്സസ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ബി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാല് യുവാക്കള്‍ കുടുങ്ങിയത്. ശാസ്തമംഗലത്തെ ഒരു ഐസ്ക്രീം പാർലറിൽ വെച്ച് പാങ്ങോട് മകയിരം വീട്ടിൽ ശ്രീജിത്ത് (31) വേറ്റിക്കോണം അമ്പാടിഹൗസിൽ രാഹുൽ (29) എന്നിവരിൽ നിന്നും 109.5ഗ്രാം എംഡിഎംഎ പിടികൂടി.
വൻ തോതിൽ ഇത്തരത്തിലുള്ള ലഹരിമരുന്ന് കൈവശം വെച്ചു വിൽപ്പന നടത്തിയതിനു ശ്രീജിത്തിന്റെ സഹോദരൻ കഴിഞ്ഞമാസം എക്സൈസിന്റെ പിടിയിലായിരുന്നു. ഇയാള്‍ ജയിലിൽ തുടരുമ്പോഴാണ് ശ്രീജിത്ത് കൂടി പിടിയിലാകുന്നത്. പ്രാവച്ചമ്പലം ഭാഗത്തുനിന്നും ഔഷധി ഭവനിൽ വിഷ്ണു (29) വിനെ 15.43ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്.
പെരിങ്ങമല ഭാഗത്തുനിന്നും നെല്ലിവിള പുന്നവിള വീട്ടിൽ മുഹമ്മദ് ആദിലിനെ (28) 0.467ഗ്രാം എംഡിഎംഎയുമായി പിടികൂടി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും പിടികൂടി.ബാംഗ്ലൂരിൽ നിന്നും വൻതോതിൽ ലഹരിമരുന്ന് എത്തിച്ച ശേഷം നഗരത്തില്‍ വില്‍പ്പന നടത്തുന്ന യുവാക്കളാണിപ്പോൾ പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളാണ് ഇവർ. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവ് ശേഖരണത്തിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
രാത്രിയിൽ ലഹരിമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. പ്രതികളുടെ ദേഹപരിശോധ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ സാന്നിധ്യത്തിലാണ് നടത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാർ, ആരോമൽരാജൻ, കൃഷ്ണപ്രസാദ് ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here