കുണ്ടന്നൂര്‍ പുഴയിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; കൃഷിക്കാരുടെ നെഞ്ച് തകര്‍ത്ത് മത്സ്യക്കുരുതി കണ്ട് തുടങ്ങിയത് ഇന്നലെ മുതല്‍; പരിശോധനാഫലം വന്ന ശേഷം നടപടിയെന്ന് മരട് നഗരസഭ

കൊച്ചി: പെരിയാര്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിറകേ കുണ്ടന്നൂര്‍ പുഴയിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. ഇന്നലെ മുതലാണ്‌ മത്സ്യകൃഷിക്കാരുടെ നെഞ്ച് തകര്‍ത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങുന്നത്. ലക്ഷങ്ങള്‍ മുടക്കിയുള്ള കൂടുമത്സ്യകൃഷിയിലെ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയിരിക്കുന്നത്.

രാസമാലിന്യത്തിന്റെ സാന്നിധ്യമോ ഓക്സിജന്റെ അഭാവമോ ആകാം മത്സ്യക്കുരുതിക്ക് കാരണം എന്നാണ് സൂചന. പെരിയാറിലെ മത്സ്യങ്ങളുടെ ചത്തുപൊങ്ങല്‍ വിവാദമായി തുടരുന്നതിനാല്‍ വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പില്‍ നിന്നും കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല (കുഫോസ്)യില്‍ നിന്നും ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തിയിരുന്നു. ചത്ത മത്സ്യങ്ങളുടെയും പുഴയിലെ ജലത്തിന്റെയും സാമ്പിളുകള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്.

തിലോപ്പി, കരിമീന്‍, ചെമ്പല്ലി എന്നിവയാണ് കൂടുതലും ചത്തുപൊങ്ങിയത്. മത്സ്യകൃഷിക്കാര്‍ പലരും നെഞ്ച് തകര്‍ന്ന അവസ്ഥയിലാണ്. ഇതുവരെ മുടക്കിയ ലക്ഷങ്ങളാണ് ഒലിച്ചുപോകുന്നത്. മരട് നഗരസഭയും മത്സ്യക്കുരുതിയില്‍ ആശങ്കയുള്ളവരാണ്. നഗരസഭയുടെ മത്സ്യകൃഷി പദ്ധതിയിലെ മത്സ്യങ്ങളും ചത്തൊടുങ്ങിയവയുടെ കൂട്ടത്തിലുണ്ട്. കുണ്ടന്നൂര്‍ പുഴയിലെ മത്സ്യകൃഷികളില്‍ ചിലതിന് നഗരസഭ സബ്സിഡി അനുവദിച്ചിട്ടുണ്ട്

“മത്സ്യങ്ങള്‍ ചാകുന്നതിന് കാരണം എന്താണെന്നറിയില്ല. പെരിയാറില്‍ മത്സ്യങ്ങള്‍ നശിച്ചതില്‍ ആശങ്ക തുടരുമ്പോള്‍ തന്നെയാണ് കുണ്ടന്നൂര്‍ പുഴയിലും ഇതേ പ്രതിഭാസം കാണുന്നത്. ഫിഷറീസ് വകുപ്പിന്റെ പരിശോധനാ ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.” – മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാൻ പറമ്പിൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

പെരിയാറില്‍ മത്സ്യങ്ങള്‍ നശിക്കാന്‍ കാരണം രാസമാലിന്യ സാന്നിധ്യമാണെന്ന് ഫിഷറീസ് സർവകലാശാല സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ മാരകമായ തോതിൽ അമോണിയയും സൾഫൈഡുമാണ് സര്‍വകലാശാല നിയോഗിച്ച കുഫോസ് വിദഗ്ധസമിതി കണ്ടെത്തിയത്. വെള്ളത്തിൽ രാസമാലിന്യമില്ലെന്ന മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തൽ തള്ളിയാണ് കുഫോസിന്‍റെ പഠന റിപ്പോർട്ട്. അതേസമയം മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പ് ശക്തമാണ്. വൻകിട കമ്പനികളെ സംരക്ഷിക്കാനാണ് പിസിബി ശ്രമമെന്ന് പെരിയാർ ജാഗ്രത സമിതി ആരോപിച്ചിട്ടുണ്ട്. കുഫോസിന്‍റെ പ്രാഥമിക പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ സമയത്ത് തന്നെയാണ് കുണ്ടന്നൂര്‍ പുഴയിലും മത്സ്യക്കുരുതി കണ്ടുതുടങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top