‘അവൻ ഫാനിൽ തൂങ്ങിയത് മണിക്കൂറുകള്‍ കണ്ടുനിൽക്കേണ്ടി വന്നു’; IIT വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗുവാഹത്തിയിൽ 21 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥികളുടെ ജീവനെക്കാൾ ഗ്രേഡുകൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രാധാന്യം നൽകുന്നത് എന്നാരോപിച്ച് കാമ്പസിനകത്ത് വിദ്യാർത്ഥി പ്രക്ഷോഭം തുടരുകയാണ്. ഈ വർഷം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നാലാമത്തെ മരണമാണിത്.
ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടതും വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതായും ആരോപണം ഉയർന്നിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെന്നും തങ്ങളുടെ ഫോണുകളിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്യാൻ അഡ്മിനിസ്ട്രേഷൻ ശ്രമം നടത്തിയെന്നും ഒരു വിദ്യാർത്ഥി എൻഡിടിവിയോട് പറഞ്ഞു.
”എന്റെ സുഹൃത്ത് ഫാനിൽ തൂങ്ങി കിടക്കുന്നത് വെന്റിലേറ്ററിലൂടെയാണ് ഞാൻ കണ്ടത്. വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോഴാണ് വാതിൽ തുറന്നത്. അവന് ജീവനുണ്ടോ ഇല്ലയോ എന്നത് അവരുടെ ആശങ്കയായിരുന്നില്ല,” വിദ്യാർത്ഥി പറഞ്ഞു. വാതിൽ തുറന്ന ശേഷം അവന്റെ നാഡിമിടിപ്പ് പരിശോധിക്കാൻ നഴ്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും വിദ്യാർത്ഥി വ്യക്തമാക്കി.
”ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. പക്ഷേ, അവന്റെ മൃതദേഹം രാത്രി മുഴുവൻ ഫാനിൽ തൂങ്ങിക്കിടന്നു. നിലത്ത് ഇറക്കിയില്ല. കതക് തുറന്ന് 8 മണിക്കൂറിനു ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. ഡീനും ഹോസ്റ്റൽ അഫയേഴ്‌സ് ബോർഡ് ചെയർപേഴ്‌സണും ചേർന്ന് അവൻ മരിച്ച വിവരം കുടുംബത്തെ അറിയിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുകയും സാഹചര്യ തെളിവുകൾ ഇല്ലാതാക്കാൻ മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു,” വിദ്യാർത്ഥി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here