ലോക്സഭയിൽ രണ്ട് പേർ നുഴഞ്ഞ് കയറി; പാർലമെൻ്റ് ആക്രമണത്തിൻ്റെ വാർഷികത്തിൽ വൻ സുരക്ഷാ വീഴ്ച; എംപിമാര്‍ സുരക്ഷിതര്‍
ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച. രണ്ട് പേർ പുക പുറംതള്ളുന്ന വസ്തുക്കളുമായി ലോക്സഭയ്ക്കുള്ളിൽ കടന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവരിൽ ഒരാൾ സന്ദർശക ഗ്യാലറിയിൽ നിന്നും സമ്മേളനം നടക്കുന്നതിനിടയിൽ അംഗങ്ങളുടെ ഇരിപ്പിടത്തിന് മുകളിലേക്ക് ചാടിയതും പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇതിനെ തുടര്‍ന്ന് സഭാ നടപടികൾ നിർത്തിവച്ചു. സംഭവത്തിന് പാർലമെന്‍റ് ആക്രമണവുമായി ബന്ധമില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. രണ്ടുപേര്‍ സന്ദര്‍ശക ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാന്‍ ശ്രമിച്ചെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
നുഴഞ്ഞ് കയറ്റക്കാരുടെ കൈവശമുണ്ടായിരുന്നമഞ്ഞയും പച്ചയും നിറം കലർന്ന വാതകം കാരണം ചില എംപിമാർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. ലോക്സഭയ്ക്കുള്ളിൽ കടന്നവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും റിപ്പോർട്ടുകളുണ്ട്. യുപി സ്വദേശികളായ നീലം സിംഗ്, അമോല്‍ ഷിൻഡെ എന്നിവരാണ് ലോക്സഭയിൽ കടന്നതെന്ന് പോലീസ് അറിയിച്ചു. മൈസൂരിൽ നിന്നുള്ള എംപി പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചാണ് യുവാക്കൾ അകത്തു കടന്നതെന്നാണ് സൂചന.
ഷൂസിനുള്ളിലാണ് ഇവർ പുക ഉപകരണം ഒളിപ്പിച്ചത്. മഞ്ഞ നിറത്തിലുള്ള സ്പ്രേ അടിച്ച ഇവര്‍ ഷൂ ഊരി എറിയാനും ശ്രമിച്ചു. നിറമുള്ള സ്‌പ്രേ പിടികൂടിയിട്ടുണ്ട്. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. അകത്തുകടന്ന അക്രമികളിൽ ഒരാളെ പിടികൂടിയത് എംപിമാരാണ്. സുരക്ഷാ ഉദ്യോഗസ്ഥരാണ് രണ്ടാമനെ കീഴടക്കിയത്.
2001 ഡിസംബർ 13-നായിരുന്നു പാർലമെന്റ് മന്ദിരത്തിൽ അഞ്ച് ലഷ്കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ ആക്രമണം നടത്തിയത്. തീവ്രവാദികൾക്ക് പുറമേ ആറ് പോലീസുകാരും ഒരു സിവിലിയനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഭീകര സംഘടനയുണ്ടോയെന്നും ഇവരുടെ ലക്ഷ്യം എന്താണെന്നും ഇതുവരെ വ്യക്തമല്ല. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്.