തൃശൂരിൽ ‘മാച്ച് ഫിക്സിങ്’: ഇ ഡി റെയ്ഡ് നടന്നിട്ടും കോൺഗ്രസിനും ബിജെപിക്കും പ്രതിഷേധമില്ല, മിണ്ടാട്ടം മുട്ടി സിപിഎം

തൃശൂർ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഭരിക്കുന്ന തൃശൂർ ജില്ലയിലെ ആറ് ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുകയാണ് എന്നിട്ടും മുഖ്യ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിനോ ബിജെപിക്കോ യാതൊരു പ്രതികരണവുമില്ല. സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ പ്രസിഡന്റായ തൃശൂർ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കം ഒൻപതിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കരുവന്നൂരിലെ 500 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് മറ്റ് ബാങ്കുകളിൽ ഇഡി പരിശോധന നടത്തുന്നത്. സഹകരണ മേഖലയിൽ ഇത്രയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും പ്രതിപക്ഷ പാർട്ടികൾക് തണുത്ത പ്രതികരണമാണ്.
തൃശൂരിൽ ഇന്ന് ഒരു പ്രതിഷേധ പരിപാടിപോലും കോൺഗ്രസോ ബിജെപിയോ നടത്തിയിട്ടില്ലെന്നതാണ് വിചിത്രം. ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്ന തൃശൂരിൽ നിലവിൽ കോൺഗ്രസിന് ഒരു എംഎൽഎ മാത്രമാണ് ഉള്ളത്. പാർട്ടി ജില്ലയിൽ ക്ഷയിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഇതെന്ന് കരുതേണ്ടിവരും. ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാനും ഒപ്പം ശക്തമായി പ്രതിഷേധിച്ച് പഴയ പ്രൗഢി തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ പോലൊരു വൻ അഴിമതി നടന്നിട്ടും ആറോളം സഹകരണ ബാങ്കുകളിൽ പരിശോധന നടന്നിട്ടും പ്രതികരിക്കാൻ തയാറാകുന്നില്ലെങ്കിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ പോയിട്ട് ഉള്ളത് നിലനിർത്താൻ പോലും പാർട്ടിക്ക് കഴിയുമെന്ന് തോന്നുന്നില്ല.
ഗ്രൂപ്പ് വഴക്ക് കൊണ്ടാണോ അതോ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടക്കുന്നത് കൊണ്ടാണോ ഈ നിരുത്തരവാദിത്തപരമായ പ്രതികരണം എന്നാണ് കോൺഗ്രസ് അണികൾ ചോദിക്കുന്നത്. കോൺഗ്രസിന്റെ തണുത്ത പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത ആക്ഷേപമാണ് ഉയരുന്നത്. തൃശൂർ ഡിസിസിയിൽ ആരെങ്കിലും കല്ലെടുതെറിഞ്ഞാലെങ്കിലും അവിടുള്ളവർ പുറത്തിറങ്ങുമോ എന്നാണ് കോൺഗ്രസ് അനുഭാവി നിസാർ കുമ്പിള ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റിനെ അനുകൂലിച്ചും കോൺഗ്രസിനെ വിമർശിച്ചും കമന്റുകളുടെ പെരുമഴയാണ് വരുന്നത്. കോൺഗ്രസ് നനഞ്ഞ പടക്കമാണെന്നും ഈ സ്ഥാനത്ത് സിപിഎം ആയിരുന്നു പ്രതിപക്ഷത്തെങ്കിൽ ഇപ്പോൾ എത്ര ബാങ്കുകൾ തീയിട്ടേനെ എന്നൊക്കെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് അനുഭാവികൾ പ്രതികരിക്കുന്നത്. വി ഡി സതീശനേയും മാത്യു കുഴൽനാടനെയും അനിൽ അക്കരേയും പോലുള്ള ഒറ്റയാൾ പോരാട്ടങ്ങൾ മാത്രമേ കോൺഗ്രസിൽ നടക്കുന്നുള്ളൂ എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ബിജെപിയുടെ കാര്യവും മറിച്ചല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ നിർത്തി തൃശൂർ സീറ്റ് പിടിക്കാനുള്ള തീപിടിച്ച ചർച്ചകൾ നടക്കുമ്പോഴും ഇത്രയും വലിയ അഴിമതിക്കെതിരെ അനങ്ങാതെ നിൽക്കുകയാണ് പാർട്ടി. ഇക്കഴിഞ്ഞ ദിവസം ചേർന്ന ബിജെപിയുടെ സംസ്ഥാന ഉന്നതാധികാര യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. ജനപക്ഷത്തു നിന്നുകൊണ്ട് ജനകീയ വിഷയത്തിൽ പ്രതികരിക്കാൻ ബിജെപിക്ക് സാധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കരുവന്നൂരിന് പിന്നാലെ സിപിഎം അംഗങ്ങൾ ഉൾപ്പെട്ട കൂടുതൽ തട്ടിപ്പ് കേസുകൾ പുറത്തുവന്നിട്ടും ഇപ്പോഴും ബിജെപിക്ക് പ്രതികരിക്കാനുള്ള ആവേശം നഷ്ടമായമട്ടാണ്. സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് രാജ്യമൊട്ടാകെ പ്രശംസിച്ച സംസ്ഥാനത്താണ് അതെ മേഖലയിൽ കോടികളുടെ തട്ടിപ്പ് നിരന്തരമായി പുറത്തുവന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ നിർണായകമായ ഈ സമയത്തും ഗുരുതരമായ അഴിമതിക്കെതിരെ കാര്യക്ഷമമായി പ്രതികരിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും താല്പര്യമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here