പിണറായിയും കുടുംബവും നടത്തുന്നത് തീവെട്ടിക്കൊള്ള; വീണ പലയിടങ്ങളിൽ നിന്നും പണം വാങ്ങുന്നുണ്ട്; സംഘടിത കൊള്ളയും അഴിമതിയുമാണ് നടക്കുന്നതെന്ന് കുഴൽനാടന്‍റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഒരു കമ്പനിയിൽ നിന്ന് മാത്രമല്ല, നിരവധി ഇടങ്ങളിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്ന് മാത്യു കുഴൽനാടൻ എം എൽ എ. കേരളം ഞെട്ടുന്ന കൊള്ളയുടെ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് ‘കേരള ശബ്ദം ‘ വാരികയ്ക്ക് നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ച് കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ്. അതിനെതിരായ പോരാട്ടവുമായി താൻ മുന്നോട്ടുപോകുകതന്നെ ചെയ്യും.

എല്ലാറ്റിനും മൂകസാക്ഷിയായി നിസ്സഹായനായി കയ്യും കെട്ടി നോക്കിനിൽക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് എനിക്ക് പറയാനുള്ളത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നിങ്ങൾക്ക് നൽകുന്ന അവസാന മുന്നറിയിപ്പാണ് എന്നാണ്. പിണറായിയുടെ ഏകാധിപത്യത്തേക്കാൾ താൻ ശ്രദ്ധിച്ചത് വർഗ്ഗീയതയെക്കുറിച്ചും, ബി.ജെ.പിയെക്കുറിച്ചും അഴിമതിയെക്കുറിച്ചും പറയുന്നതിലെ തികഞ്ഞ കാപട്യമാണ്. അധികാരം ഉറപ്പിക്കാൻ പിണറായി വിജയനെപ്പോലെ എല്ലാ ജാതി മത വിഭാഗങ്ങ ളുമായും വർഗ്ഗീയശക്തിക ളുമായും രഹസ്യ ഇടപാടുകൾക്കും പ്രീണനത്തിനും ബ്ലാക്ക്‌മെയിലിനും തയ്യാറായിട്ടുള്ള മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിലുണ്ടായിട്ടില്ലെന്ന് കുഴൽ നാടൻ തുറന്നടിച്ചു.

ബി.ജെ.പി ബന്ധത്തിന്റെ കാര്യമെടുത്താൽ 2016 മുതൽ ഇതേവരെ പിണറായി വിജയനും മോദി സർക്കാരും തമ്മിൽ പരസ്പരം സഹായസഹകരണ നിലപാടാണ് എടുത്തിട്ടുള്ളത് എന്നത് ലാവ്‌ലിൻ മുതൽ കെ. സുരേന്ദ്രനുൾപ്പെട്ട കുഴൽപ്പണ കേസും ഒടുവിലത്തെ മാസപ്പടി കേസും വരെയുള്ള നിരവധി കേസുകളുടെ അവസ്ഥയും രാജ്യത്ത് മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ തലപ്പത്തുള്ളവരോടും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം നോക്കിയാൽ മനസിലാക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിതന്നെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണത്തിന് എന്ന പേരിൽ രൂപവൽക്കരിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം എന്താണ്? എന്താണത് അനന്തമായി നീണ്ടുപോകുന്നത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതിരിക്കു മ്പോഴാണ് പാർട്ടിയുടെ ന്യായീകരണസഖാക്കൾ ചാനലിൽ വന്നിരുന്ന് പറയുന്നത്, ഞങ്ങളുടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ഉന്നയിച്ച ആരോപണ ങ്ങളെല്ലാം പൊളിഞ്ഞില്ലേ എന്ന്. ഒരു അന്വേഷണ ഏജൻസിയും ഒരു കോടതിയും ഈ ആരോപണങ്ങൾ ഒന്നും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിട്ടില്ല.

സി.പി.എം എന്ന പ്രസ്ഥാനം എത്തിനിൽക്കുന്ന ജീർണ്ണതയുടെ ആഴം വ്യക്തമാകുകയാണ്, എന്താണ് നടന്നതെന്ന് ഉത്തമബോദ്ധ്യമുള്ള സെക്രട്ടറിയേറ്റംഗങ്ങൾ, പാർട്ടിയംഗം പോലുമല്ലാത്ത വീണ ടി. എന്ന മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതിനെ വെള്ള പൂശാൻ ഇറങ്ങിയതിലൂടെ. മാധ്യമങ്ങളോ പ്രതിപക്ഷമോ അന്വേഷിച്ച് കണ്ടെത്തിയ ആരോപണമല്ല ഇവിടെയുള്ളത്. ആദായനികുതി ഇൻറിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡെൽഹി ബെഞ്ചിന്റെ തീർപ്പാണ്. അത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഇവരുടെ തീർപ്പ് അന്തിമമാണ്. പാർട്ടി സെക്രട്ടറിയേറ്റ് അവകാശപ്പെടുന്നതുപോലെ വീണയുടെ എക്‌സാലോജിക് എന്ന സ്ഥാപനം സേവനങ്ങൾ നൽകിയതിന്, തെളിവുകൾ ഹാജരാക്കാൻ മൊഴി നൽകിയവർക്ക് സാധിച്ചില്ലെന്ന ആദായനികുതി വകുപ്പിന്റെ വാദം അംഗീകരിച്ചാണ് ബോർഡിന്റെ അന്തിമമായ തീരുമാനം ഉണ്ടായിട്ടുള്ളതെന്ന് മാത്യു പറഞ്ഞു.

ആധുനികകാലത്ത് അധികാരവും സ്വാധീനവും ഉള്ളവർ കൈക്കൂലിയും കോഴയും ഒന്നും നേരിട്ടുവാങ്ങുകയല്ല ചെയ്യുന്നത്. അവരുടെ ഉറ്റവരുടെ പേരിൽ കടലാസുകമ്പനികൾ, ഷെൽകമ്പനികൾ സ്ഥാപിച്ച് കരാറുകളും മറ്റും ഉണ്ടാക്കി ഒരു സേവനവും നൽകാതെ സേവനം നൽകിയതായി രേഖകൾ ഉണ്ടാക്കി പണം കൈപ്പറ്റും. ജി.എസ്.ടി അടയ്ക്കും. ആദായനികുതിയും അടയ്ക്കും. അതോടെ കോഴപ്പണം അഥവാ കള്ളപ്പണം വെളുക്കും. ഇതൊക്കെ കൃത്യമായി അറിയാവുന്ന ഡോ. തോമസ് ഐസക്കിനെപ്പോലുള്ളവർ എല്ലാം നിയമപ്രകാരമെന്ന് വാദിക്കാൻ ശ്രമിച്ചത് ഞങ്ങൾ ഇതെല്ലാം വിശദീകരിച്ചോട്ടെ എന്നു കരുതിയാവണം. ഇവിടെ എക്‌സാലോജിക് എന്ന കമ്പനി മാത്രമല്ല അതിനപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയൻ വ്യക്തിപരമായും പണം വാങ്ങിയിട്ടുണ്ട്. അതേക്കുറിച്ച് സി.പി.എം സെക്രട്ടറിയേറ്റ് ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ മകളോ ഇന്നേവരെ ഒന്നും നിഷേധിച്ചിട്ടുമില്ല. ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയുകയാണ്. വെളിയിൽ വന്ന 1.72 കോടി രൂപയെക്കാൾ എത്രയോ വലിയ തുക മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കൈപ്പറ്റിയിട്ടുണ്ട്. ഇല്ലെങ്കിൽ വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ഞാൻ വെല്ലുവിളിക്കുന്നു. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജി.എസ്.ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്? ജി.എസ്.ടി ഡീറ്റെയിൽസ് പുറത്തുവിട്ടാൽ കുഴൽനാടൻ രാഷ്ട്രീയം വിടുമോ എന്നുചോദിച്ച എ.കെ. ബാലൻ എവിടെപ്പോയി എന്ന് കുഴൽ നാടൻ വെല്ലുവിളിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top