മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും; എക്‌സാലോജിക്കിന് പണം നല്‍കിയവര്‍ക്ക് എസ്എഫ്ഐഒ നോട്ടീസ്

തിരുവനന്തപുരം : കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിക്കും മകളുടെ കമ്പനിയ്ക്കും മാസപ്പടി ലഭിച്ചുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വിവാദ കരിമണല്‍ കമ്പനിയ്ക്ക് വഴിവിട്ട് സഹായം നല്‍കിയതിനുള്ള പ്രത്യുപകാരമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് കമ്പനിയ്ക്ക് പണം നല്‍കിയതെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന് മറുപടി നല്‍കാന്‍ 15 ദിവസം അനുവദിക്കുകയും ചെയ്തിരുന്നു. ഹര്‍ജി തള്ളണമെന്ന ആവശ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലന്‍സിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.

അതിനിടെ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണവും പുരോഗമിക്കുകയാണ്. എക്‌സാലോജിക് കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കമ്പനികള്‍ക്കെല്ലാം എസ്.എഫ്.ഐ.ഒ നോട്ടീസ് നല്‍കി. വലിയ തുകയുടെ ഇടപാടുകള്‍ നടത്തിയ കമ്പനികളോടാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളേക്ക് മുമ്പ് വിവരങ്ങള്‍ ചെന്നൈ ഓഫീസില്‍ എത്തിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ മാത്രം 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. എക്‌സാലോജിക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top