മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല; കുഴല്‍നാടന്റെ വാദങ്ങള്‍ ഖണ്ഡിച്ച് വിജിലന്‍സ്; കേസില്‍ മേയ് 3ന് കോടതി വിധി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയില്ല. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് ഹാജരാക്കിയെങ്കിലും അത് തെളിവായി സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് വിജിലന്‍സ് തടസവാദം ഉന്നയിച്ചു. സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെ കോടതിക്ക് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിജിലൻസ് വാദം. കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി മേയ് മൂന്നിന് വിധി പറയും.

വിജിലൻസിനെക്കൊണ്ട് മാസപ്പടി കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന നിലപാടിലേക്ക് മാറി.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ കോടതി അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്റെ ഹർജിയിലെ ആവശ്യം. പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ.

ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്കു വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top