സി.എന്‍.മോഹനന്‍ പറഞ്ഞതെല്ലാം വിഴുങ്ങി; കെഎംഎന്‍പി ലോയ്ക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്ന് മറുപടി; 2.5 കോടി ആവശ്യപ്പെട്ടുള്ള നിയമനടപടി തുടരുമെന്ന് കുഴല്‍നാടന്‍

തിരുവനന്തപുരം: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ തനിക്കും നിയമസ്ഥാപനമായ കെഎംഎന്‍പി ലോ എന്ന നിയമസ്ഥാപനത്തിന്നെതിരെയും പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എഫ്ബിയില്‍ ഇന്ന് പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് മോഹനനെ കുഴല്‍നാടന്‍ പരിഹസിക്കുന്നത്. കെഎംഎന്‍പി ലോ എന്ന നിയമസ്ഥാപനത്തിന്നെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നത്. 2.5 കോടി ആവശ്യപ്പെട്ട് നല്‍കിയ നിയമനടപടിക്ക് രഹസ്യ മറുപടി നല്‍കി അവസാനിപ്പിക്കാം എന്ന് മോഹനന്‍ കരുതരുത്.

മാത്യു കുഴല്‍ നാടന്‍ എന്ന രാഷ്ട്രീയക്കാരനെതിരെയാണ് പറഞ്ഞത്. നിയമ സ്ഥാപനത്തിന്നെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. നിങ്ങളുടെ ഡിമാന്‍ഡുകള്‍ പിന്‍വലിച്ച് കേസിന് പോകരുത് എന്നും മറുപടിയില്‍ ആവശ്യപ്പെടുന്നു. പൊതുമധ്യത്തില്‍ എല്ലാം ആരോപണങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ ശേഷം മോഹനന്‍ പിന്തിരിഞ്ഞ് ഓടുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. പോരാട്ടവീര്യം ചോര്‍ത്തിക്കളഞ്ഞ് അവര്‍ക്കെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ് സിപിഎം പിന്തുടരുന്നത്. ഇതൊന്നും വിലപ്പോകാത്തിടത്താണ് കായികമായി നേരിടാൻ അവർ ശ്രമിക്കുന്നത്. ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാസിസ്റ്റ് ശൈലിയാണ്.

ഒരു കാരണവശാലും തളരാനോ തകര്‍ക്കാനോ നിങ്ങള്‍ക്കാവില്ലെന്ന് കുഴല്‍നാടന്‍ പറയുന്നു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎംഎന്‍പി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്-കുഴല്‍ നാടന്‍ പറയുന്നു.

എഫ്ബി വീഡിയോയില്‍ കുഴല്‍ നാടന്‍ പറയുന്നത് ഇങ്ങനെ:

മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളും കണ്ടെത്തലും ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ പോരാട്ടം തുടങ്ങിയ അന്ന് മുതല്‍ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് വേട്ടയാടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ഘട്ടത്തിലും വിശദാംശങ്ങള്‍ ഞാന്‍ പുറത്ത് പറഞ്ഞു. ഏറ്റവും ഗുരുതരമായ ആരോപണം എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ഉന്നയിച്ചത് നിങ്ങള്‍ കേട്ടതാണ്. ഞാന്‍ വരവില്‍ കവിഞ്ഞ കണ്ടമാനം സ്വത്ത് സമ്പാദിച്ചിരിക്കുന്നു. ആ സ്വത്ത് സമ്പാദനത്തില്‍ കള്ളപ്പണമുണ്ട്. ഞാന്‍ പാര്‍ട്ട്ണറായ കെഎംഎന്‍പിലോ എന്ന നിയമസ്ഥാപനം ആ കള്ളപ്പണം വെളുപ്പിക്കാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കപില്‍ സിബലിനും ചിദംബരത്തിനുമില്ലാത്ത രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വക്കീല്‍ ഓഫീസ് തുടങ്ങി. എന്നൊക്കെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് സിഎന്‍ മോഹനന്‍ ഉന്നയിച്ചത്. ആ പശ്ചാത്തലത്തില്‍ കെഎംഎന്‍പി ലോ മോഹനന് ഒരു വക്കീല്‍ നോട്ടീസ് അയച്ചു.

ആരോപണങ്ങള്‍ സ്ഥാപനത്തിന് മാനഹാനിയും ധനനഷ്ടവുമുണ്ടാക്കി. ഉന്നയിച്ചത് തെറ്റായ കാര്യങ്ങള്‍. അതിനാല്‍ രണ്ടരക്കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടു. പ്രസ്താവന പരസ്യമായി പിന്‍വലിക്കണം. എന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ആ നോട്ടീസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി.

മറുപടിയില്‍ അദ്ദേഹം മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി. കെഎംഎന്‍പി ലോ എന്ന നിയമ സ്ഥാപനത്തിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നത്. കെഎംഎന്‍പി ലോയെ ബാധിക്കുന്ന വിധത്തില്‍ ഒന്നും സംസാരിച്ചിട്ടില്ല എന്ന് വീണ്ടും മറുപടിയില്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ പറഞ്ഞതല്ലാത്ത ഒരറിവുമില്ലെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഞാന്‍ നല്‍കി. എന്റെ സ്വത്തിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരെ ആക്ഷേപിച്ചു സംസാരിച്ചു. ഞാന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ല. അവരെല്ലാം മുഴുവന്‍ സമയ രാഷ്ട്രീയക്കാരാണ്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരെല്ലാം സത്യസന്ധരാണ്. മറ്റുള്ള പ്രൊഫഷന്‍ കൊണ്ട് നടക്കുന്നവരെപ്പോലെയല്ല മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ എന്നെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. മാത്യു കുഴല്‍ നാടന്‍ എന്ന രാഷ്ട്രീയക്കാരനെതിരെ പറഞ്ഞതാണ് അല്ലാതെ നിയമ സ്ഥാപനത്തിന്നെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് മറുപടിയില്‍ പറയുന്നത്. അതിനാല്‍ നിങ്ങളുടെ ഡിമാന്‍ഡുകള്‍ പിന്‍വലിച്ച് കേസിന് പോകരുത് എന്നാണ് മറുപടിയില്‍ പറയുന്നത്.

ഞാന്‍ അഴിമതിയാരോപണം ഉന്നയിച്ച് മുന്നോട്ട് പോയത് മുതലാണ് എന്റെ തറവാട് വീട്ടിലെ പറമ്പ് അളക്കുന്നത്. ചിന്നക്കനാലിലെ എന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസ്, അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോള്‍ ബിസിനസ് നടത്തി നിയമം ലംഘിച്ചു എന്ന് പറഞ്ഞ് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ഏറ്റവും ഒടുവിലായി എനിക്ക് എതിരായ വിജിലന്‍സ് കേസിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. എല്ലാ നിലയിലും വേട്ടയാടല്‍ തുടരുമ്പോഴും ഞാന്‍ പറയുകയാണ്‌. ഏതറ്റം വരെ പോയാലും എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും ഈ പോരാട്ടം ഞാന്‍ മുന്നോട്ട് കൊണ്ട് പോകും. അതിന്റെ ഭാഗമായാണ് എനിക്കെതിരെ, എന്റെ സ്ഥാപനത്തിന്നെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സി.എന്‍.മോഹനന്‍ എന്ന സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ ഞാന്‍ വക്കീല്‍ നോട്ടീസ് അയക്കാനുള്ള സാഹചര്യമുണ്ടായത്.

പൊതുസമൂഹത്തിലുള്ള ഒരാളെക്കുറിച്ച്, അയാളുടെ സ്ഥാപനത്തിനെക്കുറിച്ച്, പശ്ചാത്തലത്തെക്കുറിച്ച്, പറയാനുള്ള എല്ലാം ആരോപണങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ ശേഷം വക്കീല്‍ നോട്ടീസ് വരുമ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞില്ല, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, ആ നിലയ്ക്കല്ല പറഞ്ഞത്, നിങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് പിന്തിരിഞ്ഞോടുന്ന കാഴ്ചയാണ്. ഇത് സിപിഎമ്മിന്റെ സ്ട്രാറ്റജിയാണ്. തങ്ങള്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് പുകമറയിലാക്കി അവരുടെ ഇമേജ് തകര്‍ത്ത് അവരുടെ പോരാട്ടവീര്യം ചോര്‍ത്തിക്കളഞ്ഞ് അവര്‍ക്കെതിരെയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണ്. ഒരു കാരണവശാലും ഇതുകൊണ്ടൊക്കെ തളരാനോ തകര്‍ക്കാനോ നിങ്ങള്‍ക്കാവില്ല.

ഞാന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ സത്യസന്ധമായി നിറവേറ്റും. അതുകൊണ്ട് പോരാട്ടം മുന്നോട്ട് പോകും. സി.എന്‍.മോഹനനെതിരെയുള്ള നിയമനടപടി മുന്നോട്ട് കൊണ്ട്പോകും. അദ്ദേഹം വക്കീല്‍നോട്ടീസ് രഹസ്യമായി അയച്ച് വിവാദത്തിന് അവസാനം കുറിക്കാമെന്നു വിചാരിക്കേണ്ട. നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്‌. പൊതുസമൂഹത്തിന്റെ പിന്തുണ കാരണമാണ് ആര്‍ജ്ജവത്തോടെ എനിക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞത്. മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും എന്നോടൊപ്പമുണ്ടാകണം എന്ന അപേക്ഷയാണ് എനിക്കുള്ളത്. കടുത്ത പോരാട്ടത്തിന്റെ നാളുകളാണ് ഇനി വരാനുള്ളത്. അത് കാത്തിരുന്ന് കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top