പി.വിയും മകളും കോടികള്‍ മാസപ്പടിയായി വാങ്ങി; സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനനാനുമതി ഏഴ് വര്‍ഷം മുമ്പ് റദ്ദാക്കാമായിരുന്നു; വീണ്ടും ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : കേന്ദ്രനിര്‍ദ്ദേശം പാലിക്കാതെ സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കി മുഖ്യമന്ത്രിയും മകളും കോടികള്‍ സമ്പാദിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഏഴ് വര്‍ഷം മുമ്പ് തന്നെ കരിമണല്‍ ഖനനത്തിനുള്ള അനുമതി റദ്ദാക്കാമായിരുന്നു. എന്നാല്‍ മാസപ്പടി വിവാദം ഉയര്‍ന്നതിന് ശേഷം മാത്രമാണ് അനുമതി റദ്ദാക്കിയത്. 2023 ഡിസംബര്‍ 18നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ഇതിന് മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ ഒരു വിശദീകരണം പോലും നല്‍കുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
.2019 ലെ കേന്ദ്ര നിയമപ്രകാരം കരിമണല്‍ ഖനനത്തിനുള്ള അനുമതി റദ്ദാക്കാമായിരുന്നു. ആറ്റോമിക് ധാതു ഖനനം പൊതു മേഖലയില്‍ മാത്രമാക്കിയാണ് കേന്ദ്രം നിയമം കൊണ്ടുവന്നത്. എന്നാല്‍ ഇത് മറികടക്കാന്‍ പൊതുമേഖല സ്ഥാപനത്തെ കൊണ്ട് ഖനനം ചെയ്ത് സിഎംആര്‍എല്ലിന് കരിമണല്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2016 ല്‍ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ഇതെല്ലാം സിഎംആര്‍എല്ലിന് വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിന് തെളിവാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here