മുഖ്യമന്ത്രിയെന്തിനാണ് മകളെ സംശയ നിഴലില്‍ നിര്‍ത്തുന്നത്; മാസപ്പടിയില്‍ പണം മുഴുവന്‍ വാങ്ങിയത് പിണറായി; സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവ് വരുത്തി; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിഎംആര്‍എല്ലിനു വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കുന്നതിനായി മുഖ്യമന്ത്രി അനധികൃത ഇടപെടല്‍ നടത്തിയതെന്നാണ് ആരോപണം. ഇളവ് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപേക്ഷ ആദ്യം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തള്ളുകയായിരുന്നു. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നല്‍കി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.

ടൂറിസം, സോളാര്‍ പദ്ധതികള്‍ക്കായാണ് ഇളവ് തേടിയത്. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ 2022 ജൂണ്‍ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. തോട്ടപ്പള്ളിയില്‍ സിഎംആര്‍എല്‍ പ്രമോട്ടറായ കെ.ആര്‍.ഇ.എംഎല്‍ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഭൂമി വാങ്ങിയിരിക്കുന്നത്. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ് നടക്കുന്നത്. 40000 കോടി രൂപയുടെ മണല്‍ ഖനനം ഇവിടെ നടന്നു കഴിഞ്ഞതായും മാത്യു പറഞ്ഞു.

ഈ അനധികൃതമായി നല്‍കിയ സഹായങ്ങള്‍ക്കാണ് മാസപ്പടിയായി കോടികള്‍ ലഭിച്ചത്. അതിനാല്‍ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണ്. എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും മാത്യു ചോദിച്ചു. നിയമസഭയില്‍ പോലും ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ല. അതിനാലാണ് പരസ്യമായി പറയുന്നത്. താന്‍ ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുകയാണെന്നും തെളിവുകള്‍ നല്‍കുന്നില്ലെന്നുമാണ് മന്ത്രി പി.രാജീവും, എം.ബി.രാജേഷും പറയുന്നത്. ഇത് തെറ്റാണ്. എല്ലാത്തിനും തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പി രാജീവിനെയും എം ബി രാജേഷിനെയും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും മാത്യു പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top