മാസപ്പടി വിഷയം നിയമസഭയിൽ വീണ്ടും ഉന്നയിച്ച് കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്.
ആരോപണം ഉയർന്നപ്പോൾ മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിക്കുന്ന പ്രസ്താനമായി സിപിഎം അധഃപതിച്ചു. ഒരു സേവനവും നൽകാതെയാണ് പണം നൽകിയത്. അഴിമതിപ്പണമാണ് ഈ രീതിയിൽ കൈമാറിയത്. അഴിമതിയിൽ ആരോപണമുയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് ഭയമാണ്. മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ ഒരു വാചകം പറയാൻ പോലും നേതാവില്ലെന്നും കുഴൽനാടൻ പരിഹസിച്ചു.
മാസപ്പടി സഭയിൽ ഉയർന്നതോടെ എതിർപ്പുയർത്തി ഭരണപക്ഷവുമെത്തി. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്ന് എം. ബി രാജേഷ് തിരിച്ചടിച്ചു. കോടതി വലിച്ച് കീറി കൊട്ടയിലിട്ട ആരോപണമാണ് വീണ്ടും ഉയർത്തുന്നത്. യുഡിഎഫിന് പുതുപ്പള്ളി ജയത്തിന്റെ ധാർഷ്ട്യമാണ്. മാധ്യമ തലക്കെട്ടിന് വേണ്ടി സഭയെ ദുരുപയോഗിക്കാൻ അനുവദിക്കരുത്. രേഖയിൽ നിന്നും വീണ വിജയനെതിരായ പരാമർശം നീക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. എന്നാൽ മാത്യു ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here