ഒളിച്ചോടില്ലെന്ന് കുഴൽനാടൻ; അറ്റൻഷൻ സീക്കിംഗ് സിൻഡ്രോമിന് മറുപടിയില്ല; എ.കെ.ബാലന് സംവാദത്തിന് ക്ഷണം

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐജിഎസ്ടി അടച്ചെന്ന ധനവകുപ്പിന്റെ സ്ഥിരീകരണത്തിൽ വിശദാംശങ്ങൾ ലഭിച്ച ശേഷം മറുപടി പറയാമെന്ന് മാത്യു കുഴൽനാടൻ. വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടത്തിയ ആരോപണത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ മടിയില്ലെന്നും കുഴൽ നാടൻ പറഞ്ഞു. മാസപ്പടി, ജിഎസ്ടി തുടങ്ങിയ താൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും താൻ മാപ്പ് പറയണോ വേണ്ടയോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണം ഉന്നയിച്ചതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട സിപിഎം മുതിർന്ന നേതാവ് എ.കെ.ബാലനും മാത്യു കുഴൽ നാടൻ മറുപടി നൽകി. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എ.കെ. ബാലനോട് വലിയ ബഹുമാനമുണ്ടെന്നും വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണ്. ധനവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തത ഉണ്ടോ എന്ന് കൂടുതൽ പരിശോധിക്കണമെന്നും മാത്യൂ കുഴൽ നാടൻ പറഞ്ഞു. എന്നാൽ കുഴൽനാടന്റേത് ശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം എന്ന രോഗമാണെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിൻ്റ് എ.എ. റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കാൻ കുഴൽനാടൻ തയ്യാറായില്ല.

വീണ വിജയന്റെ എക്സാലോജിക് കമ്പനിയാണ് പണം കൈപ്പറ്റിയതെന്നും ഈ തുകക്കുള്ള ഐജിഎസ്ടി കമ്പനി അടച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം ധനവകുപ്പ് വിശദീകരണം നൽകിയത്. വീണയുടെ കമ്പനി എത്ര തുകയാണ് അടച്ചതെന്നും എന്നാണ് തുക അടച്ചതെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരമായതിനാൽ അത് പുറത്ത് വിടാൻ കഴിയില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. ജിഎസ്ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും പുറത്ത് വന്നതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ഇടപാടിൽ മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top