മനംമയക്കുന്ന ദൃശ്യഭംഗി; ‘എറ്റേണോ കപ്പിത്താൻസ് ഡേൽ’ ഇന്‍ ആന്‍റ് ഔട്ട്; കുഴല്‍നാടന്റെ വിവാദ റിസോര്‍ട്ടിനെ അറിയാം
മൂന്നാര്‍: ‘എറ്റേണോ കപ്പിത്താൻസ് ഡേൽ’ വിനോദ സഞ്ചാരികളെ കാക്കുകയാണ്. കപ്പിത്താന്‍സ് താഴ് വര എന്ന് പറയുമ്പോള്‍ മനസിലാകാതെ പോകേണ്ട. ഇത് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ വിവാദ റിസോര്‍ട്ട് തന്നെ. പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ടിലെ ഹോം സ്റ്റേ ലൈസന്‍സ് ഇന്ന് പുതുക്കി നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും അപേക്ഷ നല്‍കിയത്. അഞ്ച് വര്‍ഷത്തേക്കാണ് അപേക്ഷ നല്‍കിയതെങ്കിലും ഡിസംബര്‍ വരെയാണ് ലൈസന്‍സ് പുതുക്കിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കാലാവധി ഡിസംബറില്‍ അവസാനിക്കുന്നതിനാലാണ് ഡിസംബര്‍ 31വരെ ലൈസന്‍സ് പുതുക്കി നല്‍കിയത്.
വിവാദങ്ങളിലാണ് റിസോര്‍ട്ടിന്റെ സ്ഥാനമെങ്കിലും അതിമനോഹരമായ ഹോം സ്റ്റേയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ചിന്നക്കനാല്‍ ഗ്രാമം. മൂന്നാറിനേക്കാള്‍ ആയിരം അടി ഉയരത്തിലാണ് ചിന്നക്കനാല്‍. അതിനാല്‍ ചിന്നക്കനാലില്‍ എപ്പോഴും തണുപ്പ് തന്നെയാണ്. സജീവമായ അവധിക്കാലമോ ഹില്‍സ്റ്റേഷന്‍ അനുഭവമോ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് മൂന്നാറില്‍ എത്തേണ്ടി വരും. ഈ അനുഭവം കൂടുതല്‍ ആസ്വാദ്യകരമാകണമെങ്കില്‍ ചിന്നക്കനാലില്‍ തന്നെ വരേണ്ടി വരും. ചിന്നക്കനാലിലെ ഏറ്റവും മികച്ച റിസോര്‍ട്ടാണ് എറ്റേണോ കപ്പിത്താൻസ് ഡേൽ.
ഇമ്പമാര്‍ന്ന അന്തരീക്ഷവും കാഴ്ചകളുമാണ് ഹോംസ്റ്റേയ്ക്ക് അകത്തും പുറത്തും. കമനീയമായ മുറികളില്‍ ചിന്നക്കനാലിന്റെ തണുപ്പ് അറിഞ്ഞു ഇവിടെ കൂടാം. ആറു മുറികള്‍ റിസോര്‍ട്ടിലുണ്ട്. മനംമയക്കുന്ന ദൃശ്യഭംഗിയാണ് ചുറ്റിലുമുള്ളത്. ഹോം സ്റ്റെയ്ക്ക് ചുറ്റും തേയില തോട്ടങ്ങളും കുന്നുകളുമാണ്. റൂമിനോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ നിന്നാല്‍ പ്രകൃതി ഭംഗി നുകരാം. ഒപ്പം വരിഞ്ഞു മുറുക്കുന്ന ഇടുക്കിയിലെ തണുപ്പിന്റെ സുഖം നുകരുകയുമാകാം.
കപ്പിത്താന്‍സ് താഴ്വരയില്‍ നിന്നും നോക്കിയാല്‍ കാണുന്നത് തേയിലത്തോട്ടങ്ങളാണ്. ഒപ്പം കുന്നുകള്‍ക്ക് മുകളില്‍ വെണ്‍മേഘശകലങ്ങളുടെ ആകാശക്കാഴ്ചയും കാണാം. തേയിലതോട്ടങ്ങളെയും കുന്നുകളെയും മഞ്ഞു മൂടുന്നതും മറ്റു കാഴ്ചകളും കാണാം. ‘ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ശരിക്കും ഇവിടുത്തെ സീസണ്‍. റിസോര്‍ട്ടിന്‍റെ ചുമതലയുള്ള ടോണി സാബു കാവുങ്കല്‍ മാധ്യമ സിന്‍ഡിക്കറ്റിന്നോട് പറഞ്ഞു. ഏപ്രില്‍-മേയ് മാസങ്ങളിലും വെക്കേഷന്‍ കാലത്ത് കുടുംബങ്ങള്‍ ഇവിടെ എത്തുന്നു’-ടോണി പറയുന്നു.
ആറു കുടുംബങ്ങള്‍ക്ക് ഒരേ സമയം റിസോര്‍ട്ടില്‍ താമസിക്കാം. ആറു റൂം ഉണ്ടെങ്കിലും അഞ്ച് കുടുംബങ്ങള്‍ വന്നാല്‍ അതാകും കൂടുതല്‍ കംഫര്‍ട്ട്. 5000 മുതല്‍ 14000 വരെയാണ് റൂമുകളുടെ വാടക. ഒരു ദിവസം താമസിക്കാന്‍ ഏറ്റവും കുറഞ്ഞ വാടക 5000 രൂപയാണ്. വാടക കൂടുന്തോറും സൗകര്യങ്ങളും കൂടും. ഭക്ഷണം റൂമില്‍ നിന്ന് തന്നെ കഴിക്കാനുള്ള ഡൈനിംഗ് ടേബിള്‍ വരെ സെറ്റ് ചെയ്ത റൂമുകള്‍ ആണുള്ളത്. രണ്ടു റൂമും ലിവിംഗ് ഏരിയയും ഡൈനിംഗ് ഏരിയയും ബാല്‍ക്കണിയും വരുന്ന റൂമിനാണ് ഏറ്റവും കൂടുതല്‍ തുക ചാര്‍ജ് ചെയ്യുന്നത്. മറ്റുള്ളത് എല്ലാ സൗകര്യങ്ങളുമുള്ള ഒരു റൂമും ബാല്‍ക്കണിയുമാണ്-ടോണി പറയുന്നു.
ഏറ്റവും മികച്ച ടൂറിസ്റ്റ് മേഖലയില്‍ ഏറ്റവും മികച്ച താമസം തന്നെയാണ് ‘എറ്റേണോ കപ്പിത്താൻസ് ഡേൽ ഒരുക്കുന്നത്. അതുകൊണ്ട് തന്നെയാണ് സഞ്ചാരികള്‍ റിസോര്‍ട്ട് അന്വേഷിച്ച് എത്തുന്നതും. ചിന്നക്കനാലിൽ അനധികൃതമായി റിസോർട്ട് നിര്‍മ്മിച്ചു, കള്ളപ്പണം വെളുപ്പിക്കാന്‍ റിസോര്‍ട്ട് ആയുധമാക്കി എന്നൊക്കെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ആരോപിച്ചത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞാണ് റിസോര്‍ട്ട് താമസം തേടിയുള്ള നിരന്തര അന്വേഷണങ്ങള്‍ എത്തുന്നത്.