തിരിച്ചടിച്ച് മാത്യു കുഴൽനാടൻ; എം വി ഗോവിന്ദന് മറുപടി, എ കെ ജി സെന്റർ പട്ടയഭൂമിയിലെന്നും ആരോപണം
എ കെ ജി സെന്റർ ഇരിക്കുന്നത് പട്ടയഭൂമിയിലാണെന്ന പുതിയ ആരോപണം ഉന്നയിച്ച് സിപിമ്മിന് കുഴൽനാടന്റെ തിരിച്ചടി. അവിടെ ഇരുന്നാണ് എം വി ഗോവിന്ദൻ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. താൻ ഭൂനിയമം ലംഘിച്ചിട്ടില്ല. എം വി ഗോവിന്ദൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കും മറുപടി പറയുമെന്ന് പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലാണ് കൂടുതൽ ആരോപണങ്ങൾ പുറത്തുവിട്ടത്. തനിക്കെതിരെ ആരോപണത്തിൽ ഉൾപ്പെട്ട ചിന്നക്കനാലിലെ കെട്ടിടം നിർമിച്ചത് റസിഡൻഷ്യൽ പെര്മിറ്റി വാങ്ങിയാണ്. ഹോംസ്റ്റേയ്ക്ക് ലൈസൻസുമുണ്ട്. പട്ടയഭൂമിയിൽ, താമസിക്കാനുള്ള കെട്ടിടം നിർമിക്കാനും കൃഷി ചെയ്യാനും ചെറുകിട സംരംഭങ്ങൾ തുടങ്ങാനും അനുമതിയുണ്ട്. ഇതിൽ നിയമലംഘനമില്ല.
തെരഞ്ഞെടുപ്പ് പത്രികയിൽ മൂന്ന് കോടിയുടെ സ്വത്തുവകകൾ കാണിച്ചത് ചിന്നക്കനാലിലെ കെട്ടിടം മോടിപിടിപ്പിക്കാൻ ചെലവാക്കിയ തുക കൂടി ഉൾപ്പെടുത്തിയാണ് അല്ലാതെ ഭൂമിയുടെ മതിപ്പ് വിലയേക്കാൾ കൂടുതൽ കാണിച്ച് തെറ്റിദ്ധരിപ്പിക്കാനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ കമ്പനിയിൽ ഒൻപത് കോടിയുടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. കമ്പനിയിൽ ഒരു ശതമാനം ഓഹരിയാണ് തനിക്ക് ഉള്ളത്. കമ്പനിയുടെ മൊത്തം മൂല്യമാണ് ഒൻപത് കോടി. മാത്രമല്ല അഭിഭാഷക ജോലിയോടൊപ്പം ബിസിനസ് ചെയ്തിട്ടുമില്ല. ഇത് സംബന്ധിച്ച് ബാർ കൗൺസിൽ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ വിശദീകരണം നൽകും.
വരവിൽ കവിഞ്ഞ സ്വത്തുള്ളത് സിപിഎം നേതാക്കൾക്കാണ്. കമ്മ്യൂണിസത്തെയും സാധാരണ പ്രവർത്തകരെയും ബഹുമാനികുന്നെന്ന് പറഞ്ഞ കുഴൽനാടൻ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിനെതിരെ പ്രതികരിക്കാൻ പാർട്ടി ഇപ്പോൾ തയ്യാറാകുന്നില്ലെന്നും ആരോപിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് പറയാനുള്ള ധൈര്യം എം വി ഗോവിന്ദനുണ്ടോയെന്ന് കുഴൽനാടൻ ചോദിച്ചു. ഇത്തരം പ്രവൃത്തികൾ ചോദ്യം ചെയ്യാൻ വി എസ് അച്യുതാനന്ദന് ശേഷം സിപിമ്മിൽ ആരുമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിഷയം മറയ്ക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നത്. ഇത് പാർട്ടിയെ അഗാധഗർത്തത്തിലേക്ക് തള്ളിവിടുകയാണെന്നും കുഴൽനാടൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here