കർണാടകയിലെ ബിജെപി പോസ്റ്ററിൽ കൃത്രിമം വരുത്തി ജെഡിഎസിനെ അപമാനിക്കാൻ ശ്രമിച്ചു; ഒറിജിനൽ പോസ്റ്റർ സഹിതം പരാതി; കേസെടുത്ത് തിരുവല്ല പോലീസ്

തിരുവല്ല: തന്റെയും മന്ത്രി കൃഷ്ണന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി പോസ്റ്ററടിച്ചുവെന്ന പ്രചാരണത്തിനെതിരെ ജനതാദള്‍-എസ് പ്രസിഡന്റ് മാത്യു ടി.തോമസ് രംഗത്തെത്തി. വ്യാജരേഖ ചമച്ചതിന് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റര്‍ പ്രചരിപ്പിച്ച വാട്‌സാപ്പ് നമ്പറിനെയാണ് പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പോസ്റ്ററിന്റെ പകര്‍പ്പ് സഹിതമാണ് പരാതി. മാത്യു ടിയുടെ വാദം സത്യമാകുകയും പോലീസ് കടുപ്പിക്കുകയും ചെയ്താല്‍ മലയാളത്തിലെ മാധ്യമങ്ങളടക്കം ഒട്ടേറെപ്പേര്‍ പ്രതിസ്ഥാനത്ത് വരും.

ബെംഗളുരു റൂറലില്‍ ബിജെപി സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോ.മഞ്ജുനാഥയ്ക്ക് നല്‍കിയ സ്വീകരണത്തിനായി തയ്യാറാക്കിയ പോസ്റ്ററാണ് വിവാദത്തിന് ആധാരം. നരേന്ദ്രമോദിയുടെയും ജനതാദൾ അധ്യക്ഷൻ ദേവഗൌഡയുടെയും ഫോട്ടോകൾ ഉള്ള ഈ പോസ്റ്ററിൻ്റെ ഇടതേ മൂലയ്ക്ക് താഴെഭാഗത്ത് മാത്യു ടി.തോമസിൻ്റെയും കെ.കൃഷ്ണൻ കുട്ടിയുടെയും ഫോട്ടോകൾ ഉള്ള കോപ്പികൾ കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് പ്രചരിച്ചത്. ബിജെപിയുമായി കൈകോർത്ത കർണാടക ജെഡിഎസുമായി ബന്ധം വിഛേദിച്ചു എന്ന് പറയുമ്പോഴും ഇരുവരും ബിജെപിയുമായി രഹസ്യബന്ധത്തിലാണെന്ന ആക്ഷേപമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് ഏറ്റെടുത്ത് മലയാളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും പോസ്റ്റർ വിവാദം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലീ വാർത്തകളെല്ലാം വ്യാജ പോസ്റ്ററിൻ്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് മാത്യു ടി.തോമസ് പറയുന്നത്. ഇവരുടെ ഫോട്ടോ ഇല്ലാത്ത ഒറിജിനൽ എന്ന് അവകാശപ്പെടുന്ന പോസ്റ്ററിൻ്റെ പകർപ്പ് കർണാടകയിൽ നിന്ന് ശേഖരിച്ചതും കേസിൽ തെളിവായി ചേർത്തിട്ടുണ്ട്.

ഏപ്രില്‍ രണ്ടിനാണ് 517/2024 എന്ന ക്രൈം നമ്പറായി തിരുവല്ല പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 9447744611 എന്ന മൊബൈല്‍ നമ്പർ ഉപയോഗിച്ചയാളെയാണ് പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്. നിലവില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തവരെല്ലാം കേസിൻ്റെ പരിധിയിൽ വരും. ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസും – ബിജെപിയും തമ്മില്‍ സഖ്യത്തിലാണ്. എന്നാല്‍ കേരള ഘടകം ഇടതുമുന്നണിക്കൊപ്പവും. ഈ വൈരുധ്യം ചർച്ചയായി തുടരുമ്പോഴാണ് പോസ്റ്റര്‍ പുറത്തുവന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രിയ എതിരാളികളും മാധ്യമങ്ങളും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഇത്തരമൊരു പോസ്റ്റര്‍ ആരും തയാറാക്കിയിട്ടില്ല. വ്യാജമായി ഉണ്ടാക്കിയവർ തികച്ചും ഗൂഡ ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്ന് ബോധ്യം ഉള്ളതിനാലാണ് പരാതി നൽകിയതെന്ന് മാത്യു ടി തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട് പോയതാണ് എന്നാണ് കരുതുന്നത്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയതായും പ്രതികളിൽ ചിലരെക്കുറിച്ച് വിവരം കിട്ടിയതായും മാത്യു ടി തോമസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top